വേനല്‍ ചൂട് കൂടുന്നു,പാലക്കാട് താപനില 41 ഡിഗ്രീ; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി മാറും. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ കിട്ടുമെന്നാണ് പ്രവചനം. മറ്റന്നാള്‍ മുതലാണ് സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് താപനില കൂടുകയാണ്. പാലക്കാട് ജില്ലയില്‍ ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതല്‍. 2016-ലെ 41.9 ഡിഗ്രീയാണ് ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനില. ചൂട് കനക്കുന്നതോടെ കുടിവെള്ളക്ഷാമമുണ്ടാകുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടുകാര്‍.