ഭക്ഷ്യസുരക്ഷ, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് യുഎഇ- ഇസ്രയേല്‍ ധാരണ

ദുബായ് ∙ ഭക്ഷ്യസുരക്ഷ, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ദുബായ്- ഇസ്രയേല്‍ ധാരണ.വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ഇസ്രയേല്‍ കമ്പനികള്‍ക്ക് ദുബായില്‍ കൂടുതല്‍ അവസരമൊരുക്കുകയും ചെയ്യും.ഭാവി സാധ്യതകള്‍ വിലയിരുത്തി വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കാനും ടെല്‍ അവീവ് സ്റ്റോക് എക്സ്ചേഞ്ച് സിഇഒ ഇത്തായ് ബെന്‍സീവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി ദുബായ് ഇന്റര്‍നാഷനല്‍ ചേംബര്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. വിവിധ മേഖലകളില്‍ സാങ്കേതിക വിദ്യകള്‍ പങ്കുവയ്ക്കാനും സഹകരിച്ചു പ്രവര്‍ത്തിക്കാനും തയാറാണെന്നു ബെന്‍സീവ് വ്യക്തമാക്കി.

ജലസ്രോതസ്സുകള്‍ കണ്ടെത്തുക, കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക, മരുഭൂമിയില്‍ കൃഷി വ്യാപകമാക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, തുടങ്ങിയവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഏതു കാലാവസ്ഥയിലും ജലലഭ്യത ഉറപ്പാക്കാനും കൃഷി ചെയ്യാനും കഴിയുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇസ്രയേലിലെ മെകോറോട് വാട്ടര്‍ കമ്ബനി സിഇഒ: യെലീ കോഹന്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞവര്‍ഷം യുഎഇ സന്ദര്‍ശിച്ചപ്പോള്‍ വിവിധ എമിറേറ്റുകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

കാര്‍ഷികാവശ്യത്തിനുള്ള വെള്ളം പാഴാകാതെ തുള്ളിനന രീതിയടക്കമുള്ള സാങ്കേതിക വിദ്യകളില്‍ ഇസ്രയേല്‍ ബഹുദൂരം മുന്നിലാണ്. സൂക്ഷ്മാണുക്കളെയും മത്സ്യങ്ങളെയും ഒരുമിച്ചു വളര്‍ത്തുന്ന ബയോബ്ലോക് കുളങ്ങള്‍ നിര്‍മിക്കാനും ധാരണയിലെത്തിയിരുന്നു. ആരോഗ്യപരിപാലനം, മെഡിക്കല്‍ ഡേറ്റ സംരക്ഷണം, സൈബര്‍ സുരക്ഷ, മെഡിക്കല്‍ വിദ്യാഭ്യാസം, നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലും നിലവില്‍ സഹകരണമുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *