സുപ്രീംകോടതി വിധി;പി.എസ്.സി റദ്ദാക്കിയ റാങ്ക് പട്ടികകളില്‍നിന്ന് 913 പേര്‍ക്ക് നിയമനം

തിരുവനന്തപുരം: സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടിയേറ്റതോടെ അഞ്ച് വര്‍ഷം മുൻപ് വിവേചനപരമായി റദ്ദാക്കിയ റാങ്ക് പട്ടികകളില്‍ നിയമന ശുപാര്‍ശ നല്‍കാന്‍ പി.എസ്.സി നടപടി ആരംഭിച്ചു.2016 ഡിസംബര്‍ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളില്‍നിന്ന് 913 പേര്‍ക്കാണ് ഉത്തരവിന്‍റെ ബലത്തില്‍ പുതുതായി നിയമനം ലഭിക്കുക.

200ഓളം റാങ്ക് പട്ടികകളാണ് പി.എസ്.സി അന്ന് റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്ബാദിച്ച 16 റാങ്ക് പട്ടികകളില്‍ 2016 ഡിസംബര്‍ 31നും 2017 ജൂണ്‍ 29നുമിടയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത 12 റാങ്ക് ലിസ്റ്റുകളില്‍ മാത്രമാണ് നിയമന ശുപാര്‍ശ നല്‍കുക. ഇതോടെ വിവിധ ജില്ലകളിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, അസി. സര്‍ജന്‍, എച്ച്‌.എസ്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടര്‍ അതോറ്റി ഓവര്‍സിയര്‍, കെ.എസ്.ഇ.ബി മസ്ദൂര്‍, ഡ്രൈവര്‍ ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് വരുംമാസങ്ങളില്‍ നിയമന ശിപാര്‍ശ ലഭിക്കും. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്ന പി.എസ്.സിയുടെ വാദം തള്ളി കഴിഞ്ഞ ഫെബ്രുവരി 15ലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

2016 ജൂണ്‍ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സര്‍ക്കാറിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 30 വരെ പി.എസ്.സി നീട്ടിയിരുന്നു. പിന്നീട് സര്‍ക്കാര്‍ രണ്ടാമത് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 31 മുതല്‍ 2017 ജൂണ്‍ 29 വരെയായി ആറുമാസം നീട്ടി നല്‍കി. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ നാലരവര്‍ഷം കഴിയാത്ത എല്ലാ പട്ടികയിലുള്ളവര്‍ക്കും രണ്ടാമത് പട്ടിക നീട്ടാനെടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചു.

ഇതിനെതിരെ പി.എസ്‌.സി നല്‍കിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. പ്രത്യേക കാലയളവിലെ റാങ്ക് പട്ടികകള്‍ മാത്രം തെരഞ്ഞെടുത്തത് കാലാവധി നീട്ടുന്നത് വിവേചനപരവും അന്യായവുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്ന പി.എസ്.സിയുടെ വാദവും കോടതികള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ചാലും മനസ്സിരുത്തി പരിശോധിച്ച്‌ നിയമപ്രകാരമുള്ള നടപടിയാണ് അതില്‍ കമീഷന്‍ സ്വീകരിക്കേണ്ടതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

Sharing

Leave your comment

Your email address will not be published. Required fields are marked *