മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 45 പേര്; പരാതികളില്‍ നടപടിയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യാന്‍ 45 പേര്. പക്ഷേ, പരാതികളില്‍ എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യത്തിനുപോലും മറുപടിയില്ല.സെല്ലിലേക്ക് ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്ന ഓഫിസായി മാത്രം ഇത് മാറിയെന്നാണ് ആക്ഷേപം. ലഭിക്കുന്ന പരാതികള്‍ വിവിധ വകുപ്പുകളിലേക്ക് കൈമാറാന്‍ വേണ്ടി മാത്രം 45 ജീവനക്കാരുടെ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സെല്ലില്‍ 11 ജീവനക്കാര്‍ മാത്രമായിരുന്നു. അതാണ് ഇപ്പോള്‍ 45 ആയി ഉയര്‍ന്നത്. ഓഫിസ് അറ്റന്‍ഡന്റ് സ്ഥിരം-അഞ്ച്, താല്‍ക്കാലികം-രണ്ട്, കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്ഥിരം-ഒന്ന്, വര്‍ക്കിങ് അറേഞ്ച്മെന്റ് -11, ക്ലറിക്കല്‍ അസിസ്റ്റന്റ് സ്ഥിരം -ഒന്ന്, എല്‍.ഡി ക്ലര്‍ക്ക് താല്‍ക്കാലികം- നാല്, അസിസ്റ്റന്റ് സ്ഥിരം-ഒമ്ബത്, വര്‍ക്കിങ് അറേഞ്ച്മെന്റ്-രണ്ട്, സൂപ്പര്‍ ന്യൂമറി-മൂന്ന്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സ്ഥിരം-ഒന്ന്, സെക്ഷന്‍ ഓഫിസര്‍മാര്‍ -അഞ്ച്, ജോയന്റ് സെക്രട്ടറി-ഒന്ന് എന്നിങ്ങനെയാണ് സെല്ലിലെ ജീവനക്കാരുടെ എണ്ണമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.
2016 മേയ് മുതല്‍ 2022 ജനുവരി 20 വരെ സെല്ലില്‍ ലഭിച്ചത് 3,97,186 പരാതികളാണ്. ഇതില്‍ 3,73,331 എണ്ണം തീര്‍പ്പാക്കിയെന്നാണ് വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്ബൂതിരിക്ക് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്‍ നല്കിയ മറുപടി. ബാക്കിയുള്ള പരാതികളില്‍ നടപടി സ്വീകരിച്ചുവരുന്നു. തീര്പ്പാക്കിയെന്നാല് കിട്ടിയതെല്ലാം ബന്ധപ്പെട്ട വകുപ്പിനു കൈമാറി, ഉദ്യോഗസ്ഥര്‍ കൈയും കെട്ടിയിരിക്കുന്നു എന്നാണോ എന്ന ചോദ്യമാണ് പരാതിക്കാരന് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ ഫെബ്രുവരി 2020 നാണ് കേന്ദ്രീകൃത പൊതുജന പരാതി പരിഹാരവും നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിച്ചത്. അന്നു മുതല്‍ 2022 ജനുവരി 20 വരെ സെല്ലില്‍ ലഭിച്ചത് 14,782 പരാതികളാണ്. ഇതില്‍ 14,424 തീര്‍പ്പാക്കി. 358 എണ്ണത്തില്‍ നടപടി സ്വീകരിച്ചുവരുന്നതായാണ് മറുപടി. സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയാലും അവര്‍ അതു സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.