പാക്കിസ്ഥാനിലെ ഷിയാ പള്ളിയില്‍ വന്‍സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ ഷിയാ പള്ളിയില്‍ വന്‍സ്‌ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്രസ്‌ഫോടനമുണ്ടായത്.സംഭവത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.
പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാല്‍ദാര്‍ ഷിയാ പള്ളിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികള്‍ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവര്‍ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.
വെടിവയ്പ്പില്‍ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്ന അക്രമി ചാവേറാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.സ്‌ഫോടനത്തില്‍ 60ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിവരം. സംഭവത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തമായി അപലപിച്ചു. സംഭവം ചാവേര്‍ ആക്രമണമാണെന്നും ആക്രമണത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും ആഭ്യന്ത്ര ഫെഡറല്‍ മന്ത്രി ശൈഖ് റഷീദ് അഹ്മദ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.