വനിത ദിനം ആഘോഷിക്കാന്‍ കെഎസ്‌ആര്‍ടിസി പാക്കേജുകള്‍ ഒരുക്കുന്നു
ആലപ്പുഴ ∙ ആനവണ്ടിക്കൊപ്പം വനിതാ ദിനം ആഘോഷിക്കാന്‍ കെഎസ്‌ആര്‍ടിസി പാക്കേജുകള്‍ ഒരുക്കുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് വനിതകള്‍ക്കു മാത്രമായ വിനോദ സഞ്ചാര പാക്കേജുകളാണ് കെഎസ്‌ആര്‍ടിസി തയാറാക്കുന്നത്.
വാട്ടര്‍ തീം പാര്‍ക്കിലേക്ക്
∙ ആലപ്പുഴ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് 8ന് വനിതകള്‍ക്കു മാത്രമായി എറണാകുളം വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്കിലേക്ക് പ്രത്യേക ട്രിപ് നടത്തും. രാവിലെ 9ന് പുറപ്പെട്ട് 11ന് അവിടെ എത്തും. രാത്രി 8ന് തിരികെയെത്തും. പ്രവേശന പാസിനുള്ള തുകയുള്‍പ്പെടെ 875 രൂപയാണ് നിരക്ക്. ഇതുവരെ മുപ്പതിലേറെപ്പേര്‍ ബുക്ക് ചെയ്തു. ബുക്കിങ് തുടരുകയാണ്. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കൂടുതല്‍ ബസ് അനുവദിക്കും. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നേരിട്ടെത്തി മാത്രമേ ബുക്ക് ചെയ്യാനാകൂ. വനിതാ കണ്ടക്ടര്‍ യാത്രയില്‍ ഒപ്പമുണ്ടാകും. 985505815, 9400203766.
∙ ഹരിപ്പാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് എറണാകുളം വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലേക്കാണ് ഉല്ലാസ യാത്ര. 8 ന് രാവിലെ 6 മണിക്ക് ഹരിപ്പാട് ഡിപ്പോയില്‍ നിന്നു പുറപ്പെട്ട്, രാത്രി 8 മണിയോടെ മടങ്ങിയെത്തുന്ന പാക്കേജില്‍ വണ്ടര്‍ലായിലെ പ്രവേശന പാസും ബസ് ടിക്കറ്റും ഉള്‍പ്പെടെ ഒരാളില്‍ നിന്ന് 950 രൂപയാണ് ഈടാക്കുക. 0479-2412620, 9947812214.
∙ ചെങ്ങന്നൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും വണ്ടര്‍ലായിലേക്കാണ് യാത്ര. ബസ് ടിക്കറ്റും പ്രവേശന പാസും ഉള്‍പ്പെടെ 925 രൂപയാണ് നിരക്ക്. 10 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് യാത്രയില്‍ പങ്കെടുക്കാം.
മാവേലിക്കര – വാഗമണ്‍
∙ മാവേലിക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് വനിതകള്‍ക്കു മാത്രമായി വാഗമണ്‍, പരുന്തുംപാറ യാത്ര 12ന് ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 12 വനിതകള്‍ ബുക്കിങ് നടത്തി. 500 രൂപയാണു യാത്ര നിരക്ക്. 7ന് റജിസ്ട്രേഷന്‍ അവസാനിപ്പിക്കും.