പ്രവാസികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തി ദുബൈ സര്‍ക്കാര്‍
പ്രവാസികള്‍ക്ക് ദുബൈ സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തുന്നു. തുടക്കത്തില്‍ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാരായി പ്രവാസികള്‍ക്കാണ് ആനുകൂല്യം. ഇത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും നടപ്പാക്കാമെന്ന് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷം ദുബൈ കിരീടാവാകാശിയും കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാനാണ് ദുബൈ സര്‍ക്കാരിലെ പ്രവാസി ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രോവിഡന്റ് ഫണ്ട് നടപ്പാക്കുക.ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അഥവാ ഡിഐഎഫ്‌സിക്കായിരിക്കും ഫണ്ടിന്റെ മേല്‍നോട്ട ചുമതല. ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന വിഹിതം വിവിധ തരത്തില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ, മുതല്‍മുടക്കിന് നഷ്ടംവരുത്താത്തവിധം ക്യാപിറ്റല്‍ പ്രോട്ടക്ഷന്‍ നല്‍കുന്ന രീതിയിലോ നിക്ഷേപിക്കാം. ദുബൈയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് പഠനം നടത്താനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നിലവില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പിഎഫ് ആനൂകൂല്യം ലഭ്യമാക്കുകയെന്നും കിരീടാവകാശി പറഞ്ഞു.