യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ മടക്കി കൊണ്ടുവരാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് നേപ്പാൾ
യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ മടക്കി കൊണ്ടുവരാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് നേപ്പാൾ. യുക്രൈനിൽ കുടുങ്ങിയ നേപ്പാൾ പൗരൻമാരെ മടക്കി കൊണ്ടുവരാൻ സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി. യുക്രൈനിൽ നേപ്പാളിന് നയതന്ത്ര കാര്യാലയമില്ലാത്തതും യുക്രൈനിൽ നിന്ന് നേപ്പാളിലേക്ക് വിമാന സർവീസുകൾ ഇല്ലാത്തതും പൗരന്മാരെ ഒഴിപ്പിക്കാൻ നേപ്പാളിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
യുക്രൈനിലേക്കുള്ള യാത്രക്കായി നേപ്പാൾ പൗരന്മാർ പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയിലെ യുക്രൈൻ നയതന്ത്ര കാര്യാലയത്തെയാണ്.എത്ര നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്ന് ഔദ്യോഗിക കണക്കുകളില്ല. എങ്കിലും 200 ലധികം നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്ന് ചില പ്രവാസി സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
യുക്രൈനിലുള്ള നേപ്പാൾ പൗരന്മാരോട് സാധ്യമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ രാജ്യത്തേക്ക് മടങ്ങാനും യുക്രൈനിലേക്കുള്ള യാത്ര മാറ്റി വക്കാനും നേപ്പാൾ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. വ്യോമ മാർഗ്ഗങ്ങൾ അടഞ്ഞതോടെ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. ഈ പച്ഛാത്തലത്തിലാണ് നേപ്പാൾ ഇന്ത്യൻ സഹായം തേടിയത്.