മണ്ണിടിച്ചിൽ; ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം താൽക്കാലികമായി നിർത്തി
ജമ്മു കശ്മീരിലെ 270 കിലോമീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ദേശീയ പാത വീണ്ടും മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. ജമ്മു ശ്രീനഗർ നാഷണൽ ഹൈവേ ഷബ്‌നബാസ് ബനിഹാലിൽ റോഡ് അടച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുന്നത്.
റോഡ് വൃത്തിയാക്കുന്ന ജോലികൾ പൂർത്തിയാകുന്നതുവരെ ഇതുവഴി യാത്ര ചെയ്യരുതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയുടെ ഇരുവശങ്ങളിലും നീണ്ട ഗതാഗതക്കുരുക്കുണ്ടായി. കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക പാതയും ഈ ദേശീയ പാതയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പൊലീസും പ്രാദേശിക ജില്ലാ ഭരണകൂടവും ചേർന്ന് ഗതാഗതം സുഗമമാക്കുന്നതിന് വഴിയൊരുക്കുന്ന ജോലികൾ ആരംഭിച്ചു.
തിങ്കളാഴ്ചയും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചിരുന്നു. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഉധംപൂർ ജില്ലയിൽ ഗതാഗതം നിർത്തിവച്ചു. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. വ്യാഴാഴ്ച ശ്രീനഗറിൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. ഇവിടെ കൂടിയ താപനില 6 ഉം കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജമ്മുവിൽ ഇന്ന് കൂടിയ താപനില 20 ഉം കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കും.