
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് പൊലീസ്
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ ഓര്‍മിപ്പിച്ചു. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും നിങ്ങളുടെ സെഷന് ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്ടാക്റ്റുകള്, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും പോസ്റ്റില്‍ പറഞ്ഞു.