ഡോക്ടര്‍മാരുടെ സേവനം ഉപഭോക്തൃ നിയമ പരിധിയില്‍; ചികിത്സ പിഴവ് തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ചോദ്യം ചെയ്യാം

കൊച്ചി: ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടുന്ന മെഡിക്കല്‍ പ്രൊഫഷന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി.ഇതോടെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ക്കു ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികള്‍ പരിഗണിക്കാന്‍ തടസ്സം ഉണ്ടാവില്ല.

ഇത്തരത്തില്‍ പരാതികള്‍ തര്‍ക്ക പരിഹാര ഫോറങ്ങള്‍ക്കു പരി​ഗണിക്കാന്‍ തടസം ഉണ്ടാവില്ലെന്ന ജില്ലാ, സംസ്ഥാന കമ്മിഷനുകളുടെ ഉത്തരവുകളില്‍ ഹൈക്കടതി ഇടപെട്ടില്ല. തിമിരത്തിനുള്ള ചികിത്സയെ തുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂര്‍ സ്വദേശിനി തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ച സംഭവമാണ് ഹൈക്കോടതിയുടെ മുന്‍പിലേക്ക് എത്തിയത്.

പി അംബുജാക്ഷി എന്ന സ്ത്രീ 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.എന്നാല്‍ ഇത്തരം പരാതികള്‍ ഉപഭോക്തൃ കമ്മിഷനില്‍ നിലനില്‍ക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ വാദിച്ചത്. ഡോക്ടര്‍മാരുടെ ഈ വാദം ജില്ലാ, സംസ്ഥാന കമ്മിഷനുകള്‍ തള്ളിയിരുന്നു. ഇതിനെതിരെ കണ്ണൂരിലെ ഡോ വിജില്‍ ഉള്‍പ്പെടെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എന്‍ നഗരേഷിന്റെ വിധി.

ഇത്തരത്തില്‍ കേസുകളുണ്ടായാല്‍ ഡോക്ടര്‍മാര്‍ പല സ്ഥലങ്ങളില്‍ കേസ് നടത്താന്‍ പോകുന്നതു മെഡിക്കല്‍ സേവനങ്ങളെ ബാധിക്കുമെന്ന വാദമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍, സൗജന്യമോ വ്യക്തിഗത സേവന കരാറില്‍പ്പെട്ടതോ അല്ലാതെ ഉപയോക്താക്കള്‍ക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കല്‍ സേവനങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

Sharing

Leave your comment

Your email address will not be published. Required fields are marked *