കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1348 കോടി രൂപ കേന്ദ്ര സഹായം
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനവിനിയോഗ വകുപ്പ് 1348.10 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്. കേരളത്തിന് 168 കോടി രൂപയാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്. കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ അടക്കം 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്.
ജനസംഖ്യ 10 ലക്ഷത്തില്‍ താഴെയുള്ള നഗരങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സഹായം. മൊത്തം ധനസഹായത്തില്‍ 40 ശതമാനം അടിസ്ഥാന (അണ്‍ടൈഡ് – നിരുപാധിക) ഗ്രാന്റാണ്. അവശേഷിക്കുന്ന 60 ശതമാനം ടൈഡ് (സോപാധിക) ഗ്രാന്റുമാണ്. ശമ്പളം നല്‍കുന്നതിനും സ്ഥാപനത്തിന്റെ മറ്റ് ചെലവുകള്‍ക്കും ഒഴികെ നിര്‍ദ്ദിഷ്ട പ്രാദേശിക ആവശ്യങ്ങള്‍ക്കായി അടിസ്ഥാന ഗ്രാന്റുകള്‍ (അണ്‍ടൈഡ്) വിനിയോഗിക്കും.