കേരള രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ മുതല്‍
തിരുവനന്തപുരം: മാര്‍ച്ച് 18 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഈ മാസം 26ന് ആരംഭിക്കും.
രാവിലെ 10 മുതല്‍ www. iffk.in വെബ്സൈറ്റ് വഴിയാണ് ഡെലിഗേറ്റ് പാസിനായി അപേക്ഷിക്കേണ്ടത്.
പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന് നടത്താം. വിദ്യാര്‍ഥികള്‍ക്കും ഓഫ്ലൈന് രജിസ്റ്റര്‍ ചെയ്യാം. 1500 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
മാര്‍ച്ച് 18ന് നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും എട്ട് ദിവസത്തെ മേളയില്‍ 14 തിയറ്റുകളിലായി 180 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണയും മത്സരചിത്രങ്ങള്‍ വിദേശ ജൂറികള്‍ ഓണ്‍ലൈനായിട്ടായിരിക്കും കാണുക.
ഇന്ത്യന്‍ ജൂറികള്‍ തിയറ്റുകളിലെത്തിയും മത്സരചിത്രങ്ങള്‍ വിലയിരുത്തും. 5000 പാസുകള്‍ വിതരണം ചെയ്യും. മാനദണ്ഡങ്ങളില്‍ ഇളവുണ്ടായാല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് പുനരാരംഭിക്കുമെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ അറിയിച്ചു. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് മേളയുടെ സംഘാടക സമിതി ഉദ്ഘാടനം ചെയ്യവെ സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു.
2015ല്‍ തുര്‍ക്കിയിലെ പൊതുതെരഞ്ഞെടുപ്പിനിടെ ഐസിസ് തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട മിഡില്‍ ഈസ്റ്റ് സിനിമ അക്കാദമി പ്രവര്‍ത്തക ലിസ കലാലിനെ ഐ.എഫ്.എഫ്.കെയില്‍ ആദരിക്കും.
ഹോമേജ് വിഭാഗത്തില്‍ ബുദ്ധദേവ് ദാസ് ഗുപ്ത, ദിലീപ് കുമാര്‍, ലത മങ്കേഷ്കര്‍, കെ. സേതുമാധവന്, പി. ബാലചന്ദ്രന്, മാടമ്ബ് കുഞ്ഞുകുട്ടന്, ഡെന്നീസ് ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജ് 26ാമത് മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്ഗാന്, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.