
സംസ്ഥാനത്ത് കൃഷിഭൂമി കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നതില്‍ വന്‍ വര്‍ധന.2005 മുതല്‍ 15 വര്‍ഷത്തെ കണക്കു പരിശോധിക്കുന്പോഴാണ് കാര്‍ഷികേതര ഉപയോഗങ്ങള്‍ക്കായി വന്‍തോതില്‍ ഭൂമി വകമാറ്റുന്നതായി വ്യക്തമാകുന്നത്.
സംസ്ഥാനത്ത് 2005-ല്‍ 3,70,322 ഹെക്ടര്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 2020ല്‍ ഇത് 4,55,897 ഹെക്ടര്‍ ആയി വര്‍ധിച്ചു. അതായത്, 15 വര്‍ഷത്തിനിടെ 85,575 ഹെക്ടറാണ് കാര്‍ഷികേതര ഉപയോഗത്തിലേക്കു മാറ്റപ്പെട്ടത്. 2015ല്‍ 4,34,646 ഹെക്ടര്‍ ആയിരുന്നു കാര്‍ഷികേതര ഉപയോഗത്തിലുണ്ടായിരുന്നത്. ഇതാണ് 2020 -ല്‍ 4.5 ലക്ഷം ഹെക്ടറിനു മുകളിലെത്തിയത്.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കാര്‍ഷികേതര ഉപയോഗങ്ങള്‍ക്കായി ഭൂമി മാറ്റപ്പെടുന്നുവെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കൃഷി ഇറക്കുന്ന സ്ഥലത്തിന്റെ അളവില്‍ വന്‍ കുറവും ഉണ്ടാകുന്നുണ്ട്. 2005-ല്‍ 21,32,483 ഹെക്ടറില്‍ കൃഷിയുണ്ടായിരുന്നത് 2020 ആയപ്പോള്‍ 20,26,064 ഹെക്ടറായി ചുരുങ്ങി. വര്‍ഷത്തില്‍ ഒന്നിലേറെ തവണ കൃഷി ഇറക്കുന്ന ഭൂമിയുടെ അളവ് വലിയതോതില്‍ കുറഞ്ഞു. 8,53,244 ഹെക്ടര്‍ പ്രദേശത്ത് 2005 വര്‍ഷത്തില്‍ ഒന്നിലധികം തവണ കൃഷി ഇറക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5,60,388 ഹെക്ടറേ ഉള്ളൂ. ഉത്പാദനം ലഭിക്കുന്ന ഭൂമി 29,85,727 ഹെക്ടറില്‍ നിന്ന് 25,86,452 ആയും ചുരുങ്ങി. ഉത്പാദനത്തില്‍ 2005 നെ അപേക്ഷിച്ച് 2020 ആയപ്പോള്‍ 13.37 ശതമാനത്തിന്റെ കുറവുമുണ്ടായി.