സീറോ – മലബാര്‍ സഭ പിളര്‍ത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണം; കുര്‍ബാന അര്‍പ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍;

സീറോ – മലബാര്‍ സഭ പിളര്‍ത്താനുള്ള എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍.ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് പിളര്‍പ്പിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനം ബിഷപ്പ് നടത്തിയത്. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചതും മാര്‍പാപ്പാ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തതുമായ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിക്കെതിരെ എതിര്‍പ്പും പ്രതിഷേധവും തടസപെടുത്തലും തുടര്‍ന്നുകൊണ്ട് പ്രചാരണം നടത്തുന്നതിന്‌റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.ഏകീകൃത കുര്‍ബാനക്രമം മാത്രമേ അതിരൂപതയില്‍ നടപ്പാക്കുമെന്നും പുതിയ സര്‍ക്കുലറില്‍ ബിഷപ്പ് ആവര്‍ത്തിച്ചു. മാര്‍പാപ്പാ പ്രത്യേക കത്തിലൂടെയും വീഡിയോ സദേശത്തിലൂടെയും നല്‍കിയ നിര്‍ദേശത്തെ തള്ളിക്കളഞ്ഞവര്‍ സഭയുടെ കൂട്ടായ്മയില്‍ നിന്ന് പുറത്ത് പോവുകയാണെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.മാര്‍പാപ്പായുടെ ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകള്‍ വളച്ചൊടിക്കുന്നതിനും പ്രതിനിധികളെ അപമാനിക്കുന്നതിനും നേതൃത്വം നല്‍കുന്നവരാണ് പുതിയ സഭയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നത്. സമരപരിപാടികള്‍ മാര്‍പാപ്പായുടെ അധികാരത്തിനെതിരെകൂടി നടത്തുന്ന പ്രതിഷേധമാണെന്ന് അതിരൂപതാംഗങ്ങള്‍ തിരിച്ചറിഞ്ഞ് സമരമാര്‍ഗത്തില്‍നിന്ന് പിന്തിരിയണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *