അവസാനനോക്കിലും ജെൻസണെ കൈവിടാതെ ശ്രുതി, ഹൃദയഭേദകം;

കല്പറ്റ: ആശുപത്രി ഐ.സി.യു.വില്‍ മരവിച്ച മനസ്സോടെ ശ്രുതി, ജെൻസണെ അവസാനമായി കണ്ടു. ഉയിരായിരുന്നവൻ, പ്രതീക്ഷയുടെ അവസാനനാളം-അതും അണയുകയാണെന്ന നിനവില്‍ അവള്‍ ജെൻസന്റെ കൈയില്‍ മുറുകെപ്പിടിച്ചു, തനിച്ചാക്കരുതെന്ന പ്രാർഥനയോടെ.
പതിയേ മരണത്തിന്റെ തണുപ്പ് തൊട്ടറിഞ്ഞതോടെ കണ്ണുകള്‍ നിറഞ്ഞു, കരച്ചിലുയർന്നതോടെ ഡോക്ടർമാർ മയങ്ങാൻ മരുന്ന് കുത്തിവെച്ചു. പിന്നെ ചുറ്റുമുണ്ടായിരുന്നവർ കൈ വിടുവിച്ചു, ജെൻസണ്‍ എന്നെന്നേക്കുമായി മടങ്ങി.അപകടത്തില്‍ പരിക്കേറ്റ ശ്രുതി ചികിത്സയില്‍ക്കഴിയുന്ന കല്പറ്റ ലിയോ ആശുപത്രി ഹൃദയഭേദകമായ കാഴ്ചകള്‍ക്കാണ് വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. ശ്രുതിക്ക് അവസാനമായി കാണാൻ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജെൻസന്റെ ചേതനയറ്റ ദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശ്രുതിയെ സ്ട്രച്ചറില്‍ കാഷ്വാലിറ്റിയോടുചേർന്ന ഐ.സി.യു.വിലെത്തിച്ചു. സ്ട്രച്ചറിന് സമീപമിറക്കിയ ശവമഞ്ചത്തില്‍, പ്രിയസഖിയുടെ തോരാക്കണ്ണീർ കാണാതെ ജെൻസണ്‍ അന്ത്യനിദ്രയിലായിരുന്നു.

ബുധനാഴ്ച രാത്രി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെത്തിയും ശ്രുതി, ജെൻസണെ കണ്ടിരുന്നു
ശിവണ്ണ, സിദ്ദരാജ്, ഗുരുമല്ലൻ എന്നീ മൂന്നുസഹോദരന്മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒമ്പതുപേരെയാണ് ഉരുള്‍പൊട്ടലില്‍ ഇവർക്ക് നഷ്ടമായത്. സഹോദരങ്ങളുടെ മക്കളായ ശ്രുതിയും ലാവണ്യയും അനൂപും അരുണുംമാത്രം രക്ഷപ്പെട്ടു. ദുരന്തത്തിലും പിന്നീടെപ്പോഴും ശ്രുതിക്കും കുടുംബത്തിനും കരുതലായി ജെൻസണുണ്ടായിരുന്നു.മരിച്ചവരുടെ 41-ാം ദിവസത്തെ ചടങ്ങുകള്‍ക്കായി ഒത്തുകൂടിയതായിരുന്നു കുടുംബം. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ജെൻസണ്‍ ഇനിയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയും അവർക്കായിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ അനൂപും അനില്‍കുമാറും ആര്യയും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജെൻസണ് അന്ത്യചുംബനം നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ശ്രുതിയും രത്തിനിയമ്മയും ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *