സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒമര്‍ അബ്ദുള്ള; പിന്നാലെ പൊലീസിന് കര്‍ശന നിര്‍ദേശം;

ശ്രീനഗർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്ക് പിന്നാലെ പൊലീസിന് കർശന നിർദ്ദേശങ്ങളുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.വിഐപി സഞ്ചാരത്തില്‍ പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശം നല്‍കി. പൊതുമധ്യത്തിലൂടെ താൻ കടക്കുമ്ബോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ വടി വീശുന്നതും അവർക്ക് നേരെ ആക്രമാസക്തമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. താൻ കടന്ന് പോകുമ്ബോള്‍ പ്രത്യേകമായി റോഡിലെ വാഹനങ്ങള്‍ നീക്കുകയോ തനിക്ക് വേണ്ടി പ്രത്യേക റൂട്ട് സജ്ജമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.’റോഡിലൂടെ ഞാൻ കടന്നുപോകുമ്ബോള്‍ മറ്റ് വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുകയോ ഗ്രീൻ കോറിഡോറുകള്‍ സജ്ജീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ജമ്മു കശ്മീർ പൊലീസിന്റെ ഡിജിയോട് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ കടന്നുപോകുന്ന വഴിയില്‍ ജനത്തിന് നേരെ വടി വീശുന്നതും ആക്രമാസക്തമായ ആംഗ്യങ്ങള്‍ കാണിക്കുന്നതും ഒഴിവാക്കണം. മന്ത്രിസഭയിലെ മറ്റുള്ളവരോടും ഇതേ രീതി പിന്തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എല്ലാ പ്രവർത്തനങ്ങളും ജനസൗഹൃദമായിരിക്കണം. നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ജനങ്ങളെ സേവിക്കാനാണ് അവർക്ക് അസൗകര്യമുണ്ടാക്കാനല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിൻവലിച്ചത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ സംബന്ധിച്ച്‌ തീരുമാനവുമുണ്ടായത്.ബുധനാഴ്ച രാവിലെയാണ് ഒമർ അബ്ദുള്ള കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയാണ് ഉപമുഖ്യമന്ത്രി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള ഇൻഡ്യ സഖ്യത്തിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു. ജമ്മു കശമീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. 10 വർഷം മുമ്പ് 2014ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *