തമിഴ് സാറ്റലൈറ്റ് റൈറ്റ്സില്‍ ഇനി ഒന്നാമൻ തഗ്‌ലൈഫ്, വിറ്റുപോയത് 150 കോടിക്ക്

36 വർഷങ്ങള്‍ക്കുശേഷം സംവിധായകൻ മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് തഗ്ലൈഫ്.സിനിമയേക്കുറിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇപ്പോഴിതാ ചിത്രത്തിന്റെ സാറ്റലൈറ്റ്വ അവകാശത്തേക്കുറിച്ചുള്ള പുതിയ വിവരം കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും ചലച്ചിത്രലോകവും ഒരുപോലെ.

തഗ്ലൈഫിന്റെ സാറ്റലൈറ്റ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയെന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമാ വിതരണക്കാരനായ കാർത്തിക് രവിവർമയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 149.7 കോടിക്കാണ് ചിത്രത്തിന്റെ അവകാശം വിറ്റുപോയതെന്ന് കാർത്തിക്ക് പറഞ്ഞു. തമിഴ് സിനിമാ ചരിത്രത്തില്‍ത്തന്നെയുള്ള ഏറ്റവും വലിയ ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു.”വിക്രം എന്ന ചിത്രത്തിനുശേഷം കമല്‍ഹാസന്റെ വാണിജ്യമൂല്യത്തില്‍ കാര്യമായ വർധനവുണ്ട്. കൂടാതെ പൊന്നിയിൻ സെല്‍വൻ ചിത്രങ്ങളിലൂടെ മണിരത്നവും ജനപ്രീതിയില്‍ മുന്നിലെത്തി. ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്.” കാർത്തിക് രവിവർമ കൂട്ടിച്ചേർത്തു.

വിജയ് നായകനായെത്തിയ ഗോട്ട് (110 കോടി), സൂര്യ നായകനായെത്തുന്ന കങ്കുവാ (100 കോടി), അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി (95) എന്നീ ചിത്രങ്ങളെയാണ് ഇതിലൂടെ തഗ്ലൈഫ് പിന്നിലാക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്ബൻ താര നിരയാണ് ചിത്രത്തിലുള്ളത്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.നേരത്തെ മണിരത്നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവർത്തിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *