മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിന് ജാമ്യം; മാസങ്ങള്‍ക്കുശേഷം ഡല്‍ഹി മുഖ്യമന്ത്രി പുറത്തേക്ക്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ.എതിർത്തിരുന്നു. അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 12 നാണ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്രിവാള്‍ തിഹാർ ജയിലില്‍ തന്നെ തുടരുകയായിരുന്നു.

ഇ.ഡി രജിസ്റ്റർചെയ്ത കേസിലെ ജാമ്യം അപ്രസക്തമാക്കാൻ മാത്രമായിരുന്നു കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കെജ്രിവാള്‍ വ്യാഴാഴ്ച വൈകിട്ടോടെ ഡല്‍ഹി തിഹാർ ജയിലില്‍നിന്ന് പുറത്തേക്കുവരും. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഡല്‍ഹി മദ്യനയത്തില്‍ സിബിഐ രജിസ്റ്റർചെയ്ത കേസില്‍ കെജ്രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചത്.കേസിലെ വിചാരണ ഉടനടിയൊന്നും തീരാൻ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ജാമ്യം അനുവദിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാകുമെങ്കിലും, കെജ്രിവാളിന് മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കാൻ പരിമിതികളുണ്ടാകും. ഇ.ഡി കേസില്‍ ജാമ്യം അനുവദിക്കുമ്ബോള്‍ കെജ്രിവാള്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുതെന്നും, ഫയലുകള്‍ ഒപ്പിടരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങളോട് വിയോജിപ്പുണ്ടെങ്കിലും, ഇപ്പോള്‍ മറ്റ് നിർദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് ഭുയാൻ തന്റെ വിധിയില്‍ രേഖപ്പെടുത്തി.

2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാർച്ച്‌ 21- നാണ് ഡല്‍ഹി കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്തു. കേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *