വിനേഷിനെ കയ്യൊഴിഞ്ഞ് ഒളിമ്പിക് അസോസിയേഷൻ; ഉത്തരവാദിത്വം താരത്തിനും പരിശീലകനുമെന്ന് പി.ടി ഉഷ

ന്യൂഡല്‍ഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസർക്ക് ഇല്ലെന്ന് വിശദീകരണം.ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷൻ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മെഡിക്കല്‍ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താൻ തിരക്കുകൂട്ടുന്നവർ അതിനുമുൻപ് വസ്തുതകള്‍ക്കൂടി പരിഗണിക്കണം. 2024 പാരീസ് ഒളിമ്ബിക്സില്‍ പങ്കെടുത്ത ഓരോ ഇന്ത്യൻ കായികതാരത്തിനും അവരുടേതായ സപ്പോർട്ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകള്‍ താരങ്ങള്‍ക്കൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്, പി.ടി. ഉഷ പ്രസ്താവനയില്‍ പറയുന്നു.പാരീസ് ഒളിമ്പിക്സിൽ വനിതാ ഗുസ്തി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാള്‍ നൂറ് ഗ്രാം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഫൈനലിനും മുന്നോടിയായി ഓഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധികടന്നതായി കണ്ടെത്തിയത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *