തുരങ്കത്തില്‍ മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍’; ആമയിഴഞ്ചാന്‍ തോട്ടില്‍ അഭിമുഖീകരിച്ചത് കഠിനമായ രക്ഷാദൗത്യമെന്ന് അഗ്നി രക്ഷാസേന

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേന നടത്തിയത് അതിസാഹസിക നീക്കം.കണ്ടാലറയ്ക്കുന്ന രീതിയിലുള്ള മാലിന്യത്തിലേക്കാണ് അഗ്നിരക്ഷാ സേനയും സ്‌കൂബാ ഡൈവിങ് സംഘവും ചേര്‍ന്ന് രക്ഷാദൗത്യത്തിനായി ഇറങ്ങിയത്. അര മീറ്റര്‍ മാത്രം ഉയരമുള്ള തുരങ്കത്തിലൂടെ ശ്രമകരമായി നൂഴ്ന്നിറങ്ങിയാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് സേനാംഗങ്ങള്‍ കൈരളി ന്യൂസിനോട് പറഞ്ഞു. മാലിന്യങ്ങള്‍ നിറഞ്ഞ് തുരങ്കം അടഞ്ഞുപോയ രീതിയിലായിരുന്നു പലയിടത്തും. 40 മീറ്ററോളം ദൂരം ഈ ദുര്‍ഘടപാതയിലൂടെ സഞ്ചരിച്ചു എന്നത് അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നു.
‘ഒരു മനുഷ്യന്‍ പെട്ടു കിടക്കുന്നു അയാളെ എങ്ങിനെയെങ്കിലും പുറത്തെത്തിക്കണം എന്നു മാത്രമായിരുന്നു അപ്പോള്‍ മനസ്സിലുണ്ടായിരുന്നത്’.- ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളടങ്ങിയ തുരങ്കത്തിലൂടെ ജോയ്‌യുടെ ജീവനായി പരതുമ്പോള്‍ തങ്ങള്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. ജീവന്‍ പണയം വെച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യം മനസ്സാവഹിച്ചു കൊണ്ടാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും ഇതിനു മുന്‍പും ആമയിഴഞ്ചാന്‍ തോട്ടില്‍ തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, മാലിന്യങ്ങള്‍ വന്‍തോതില്‍ ഇത്തരത്തില്‍ തള്ളുന്നത് ജനങ്ങളില്‍ വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള ധാരണ ഇല്ലാത്തതു കൊണ്ടാണെന്നും സ്‌കൂള്‍തലം തൊട്ട് ഇത്തരം കാര്യങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *