ബി.സി.സി.ഐ അധികമായി വാഗ്ദാനം ചെയ്ത രണ്ടര കോടി വേണ്ട; സഹപരിശീലകര്‍ക്ക് നല്‍കിയ തുക മതിയെന്ന് ദ്രാവിഡ്

മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബി.സി.സി.ഐ അധികമായി വാഗ്ദാനം ചെയ്ത രണ്ടര കോടി രൂപ നിരസിച്ച്‌ മുൻ ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്.തന്റെ സഹപരിശീലകർക്ക് നല്‍കിയ തുക തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തു. ബൗളിങ് പരിശീലകൻ പരാസ് മാംബ്രെ, ഫീല്‍ഡിങ് പരിശീലകൻ ടി.ദിലീപ്, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് എന്നിവർക്ക് നല്‍കുന്ന പാരിതോഷികം തന്നെ തനിക്കും മതിയെന്ന നിലപാട് ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.ട്വന്റി 20 ലോകപ്പിലെ 15 അംഗ ടീമിനും പരിശീലകൻ ദ്രാവിഡിനും അഞ്ച് കോടി രൂപ വെച്ച്‌ പാരിതോഷികം നല്‍കാനായിരുന്നു ബി.സി.സി.ഐ തീരുമാനം. ദ്രാവിഡിനെ പിന്തുണച്ച സപ്പോർട്ടിങ് സ്റ്റാഫിന് രണ്ടര കോടിയും സെലക്ടർമാർക്ക് ഒരു കോടി രൂപ നല്‍കാനും ബി.സി.സി.ഐ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സപ്പോർട്ടിങ് സ്റ്റാഫിന് നല്‍കുന്ന തുക തന്നെ തനിക്കും മതിയെന്ന് ദ്രാവിഡ് നിലപാടെടുത്തത്.

മുമ്പ് 2018ല്‍ ഇന്ത്യ അണ്ടർ-19 ലോകകപ്പ് വിജയിച്ചപ്പോഴും പാരിതോഷികം പങ്കുവെക്കുന്നതില്‍ ഇതേ നിലപാട് തന്നെ ദ്രാവിഡ് സ്വീകരിച്ചിരുന്നു. അന്ന് കളിക്കാർക്ക് 50 ലക്ഷം രൂപയും പ്രധാന പരിശീലകന് 30 ലക്ഷവും സപ്പോർട്ടിങ് സ്റ്റാഫിന് 20 ലക്ഷവുമാണ് ബി.സി.സി.ഐ നല്‍കാൻ നിശ്ചയിച്ചത്. എന്നാല്‍, പണം തുല്യമായി വീതിക്കണമെന്നായിരുന്നു ദ്രാവിഡ് അന്ന് ആവശ്യപ്പെട്ടത്.തുടർന്ന് പരിശീലകർ എല്ലാവർക്കും 25 ലക്ഷം രൂപവെച്ച്‌ നല്‍കാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.അതേസമയം, ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ദ്രാവിഡ് ഇനി ഐ.പി.എല്ലിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ദ്രാവിഡെത്തുമെന്നാണ് സൂചന. ഇതിനായി കൊല്‍ക്കത്ത മാനേജ്മെന്റ് ദ്രാവിഡുമായി ചർച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *