കനത്ത മഴ; മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

മുംബൈ: കനത്ത മഴയില്‍ താറുമാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം. മോശം കാലാവസ്ഥമൂലം 50-ഓളം വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.അഹമ്മബാദ്, ഹൈദരാബാദ്, ഇന്ദോർ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസുകള്‍ വഴി തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സർവീസുകള്‍ക്കാണ് മുൻഗണനയെന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മുംബൈയില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടായേക്കാം. ആയതിനാല്‍, യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.തിങ്കളാഴ്ച പുലർച്ചെമുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താനെ, പാല്‍ഘർ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *