ട്രെയിൻ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി ദേഹത്ത് വീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം : ട്രെയിൻ യാത്രക്കിടെ മധ്യത്തിലെ ബെർത്ത് പൊട്ടി ദേഹത്ത് വീണ് താഴെ ബെർത്തില്‍ കിടന്നിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു.മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം.അപകടം നടക്കുമ്പോള്‍ അലിഖാൻ താഴത്തെ ബെർത്തില്‍ കിടക്കുകയായിരുന്നു. മധ്യത്തിലെ ബെർത്ത് പൊട്ടിവീണ് മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു.തുടർന്ന് കൈകാലുകള്‍ തളർന്നു.

റെയില്‍വേ അധികൃതർ ഉടൻ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച മരിച്ചു.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍. ഭാര്യ: ഷക്കീല (എറണാകുളം). മകള്‍: ഷസ. സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലക്കുട്ടി, ഉമർ, ബക്കർ, ഹവ്വാ ഉമ്മ, കദീജ, മറിയു. പരേതനായ ചേകനൂർ മൗലവി സഹോദരീ ഭർത്താവാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *