Loading ...

Home National

കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്റെ മരണം: ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പ്രത്യേക സിറ്റിംഗ് നടത്തും

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്‍ ദാരുണമായി മരിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ മദ്രാസ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പ്രത്യേക സിറ്റിംഗ് നടത്തും. ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജി എന്‍ ശേഷസായ്, ജസ്റ്റിസ് എം സത്യനാരായണന്‍ എന്നിവരാണ് ഇന്ന് വൈകീട്ട് പരാതി പരിഗണിക്കുക. ഇത്തരം ദുരന്തങ്ങളില്‍ പെട്ട് കുട്ടികള്‍ മരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ ശാസ്ത്ര ഉപദേഷ്ടാവ് വി പൊന്‍രാജ് ആണ് ഹരജി നല്‍കിയത്. സുജിത് വില്‍സണ്‍ എന്ന കുട്ടിയെയാണ് കുഴല്‍ക്കിണറില്‍ വീണ് നാലു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ പുറത്തെടുത്തത്. തുറന്നു കിടന്നിരുന്ന കുഴല്‍ക്കിണറിനു സമീപം കളിക്കുകയായിരുന്ന സുജിത് അബദ്ധത്തില്‍ ഇതിനകത്തേക്കു വീഴുകയായിരുന്നു. റോബോട്ട് സംവിധാനവും ഓയില്‍ റിഗുകളും ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നിരവധി പേര്‍ മൂന്നു ദിവസത്തിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാനായില്ല. അഴുകിത്തുടങ്ങിയിരുന്ന മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ദുരന്തത്തിനിടയാക്കിയ കുഴല്‍ക്കിണര്‍ കോണ്‍ക്രീറ്റു കൊണ്ട് അടയ്ക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കലക്ടര്‍ എസ് ശിവരാസു മാധ്യമ റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചു. സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകള്‍ അടച്ചു സീല്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമി ഉത്തരവിട്ടിട്ടുണ്ട്. 2009നു ശേഷം കുഴല്‍ക്കിണറില്‍ വീഴുന്ന 12ാമത്തെ കുട്ടിയാണ് സുജിത്ത്. ഇവരില്‍ നാലുപേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. നാഗപട്ടണത്തെ പുതുപ്പള്ളി മേഖലയിലെ കുഴല്‍ക്കിണറില്‍ രണ്ടു വയസ്സുകാരി വീണതാണ് ഇതില്‍ ഒടുവിലത്തേത്.

Related News