Loading ...

Home Kerala

വരുന്നു, ലോക കേരള സഭയ്‌ക്ക്‌ സ്ഥിരംവേദി ; നിയമസഭയില്‍ ഒരുങ്ങുന്നത്‌ ഹൈടെക്‌ ഹാള്‍

ലോകമെങ്ങുമുള്ള മലയാളികളുടെ ആശ്രയമായ ലോക കേരള സഭയ്‌ക്ക്‌ സ്ഥിരം വേദി ഒരുങ്ങുന്നു. കേരള നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ഹാളിലാണ്‌ അന്താരാഷ്‌ട്ര നിലവാരത്തില്‍ ഹൈടെക്‌ വേദി ഒരുങ്ങുന്നത്‌. ജനുവരി ഒന്നിന്‌ ആരംഭിക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഈ വേദിയിലാകും. 2000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വേദിയുടെ ഭാഗമായി വിഐപി ലോഞ്ചും ഒരുക്കും. ലോക കേരള സഭയ്‌ക്കായി പ്രത്യേക സെക്രട്ടറിയറ്റും രൂപീകരിച്ചിട്ടുണ്ട്‌. വിവിധ രാജ്യങ്ങളിലുള്ള കേരളീയരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങള്‍ സമര്‍പ്പിക്കാനുമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത്‌ ലോക കേരള സഭ രൂപീകരിച്ചത്‌. ലോകത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു വേദി. എല്ലാ വന്‍കരയില്‍നിന്നുമുള്ള പ്രതിനിധികള്‍ സഭയിലുണ്ട്‌. ഏഴ്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയും രൂപീകരിച്ചു. മുഖ്യമന്ത്രിയാണ്‌ സഭാ നേതാവ്‌. പ്രതിപക്ഷ നേതാവ്‌ ഉപനേതാവും സ്‌പീക്കര്‍ അധ്യക്ഷനുമാണ്‌. 328 അംഗങ്ങളില്‍ 30 ശതമാനം പേര്‍ രണ്ടുവര്‍ഷംകൂടുമ്ബോള്‍ മാറും. നിയമസഭാ സെക്രട്ടറി, ചീഫ്‌ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങിയതാണ്‌ സെക്രട്ടറിയറ്റ്‌. കഴിഞ്ഞ സഭ സമര്‍പ്പിച്ച 64 നിര്‍ദേശങ്ങളില്‍ മിക്കതും നടപ്പാക്കിക്കഴിഞ്ഞു. ദുബായില്‍ മിഡില്‍ ഈസ്റ്റ്‌ സഭയും പ്രവാസി നിക്ഷേപത്തിനായി നീമും സംഘടിപ്പിച്ചു. ജനുവരി 1, 2, 3 തീയതികളില്‍ നടക്കുന്ന അടുത്ത സഭയെ വരവേല്‍ക്കാനൊരുങ്ങുമ്ബോഴാണ്‌ അഭിമാനസ്തംഭമായി സ്ഥിരം വേദി വരുന്നത്‌. വിശാലമായ വേദിയും ബാല്‍ക്കണിയും ഗ്രീന്‍റൂമും അടക്കമുള്ള സഭാ വേദിയുടെ രൂപകല്‍പ്പനയും നിര്‍മാണവും ഊരാളുങ്കല്‍ ലോബര്‍ സൊസൈറ്റിയാണ്‌ നിര്‍വഹിക്കുന്നത്‌. 662 സീറ്റാണ്‌ സജ്ജീകരിക്കുന്നത്‌. 552 എണ്ണം പ്രധാന ഹാളിലും 110 എണ്ണം രണ്ട്‌ ഭാഗങ്ങളിലെ ബാല്‍ക്കണിയിലുമാണ്‌. 1850 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള വേദിയുടെ മൂന്ന്‌ ഭാഗങ്ങളിലായി എല്‍ഇഡി വാളുമുണ്ട്‌. സൗണ്ട്‌ സംവിധാനവും അത്യാധുനികമാണ്‌. 16 കോടി രൂപയുടെ പദ്ധതിക്കാണ്‌ ഭരണാനുമതി ലഭിച്ചതെങ്കിലും 12 കോടിയില്‍ പണി പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. ഡിസംബര്‍ പകുതിയോടെ പണിതീര്‍ത്ത്‌ ഹാള്‍ കൈമാറുമെന്ന്‌ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. ലോക കേരള സഭ ചര്‍ച്ച വേദിമാത്രമല്ല, പ്രവാസികളുടെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ളതാണെന്ന്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.

Related News