Loading ...

Home Kerala

പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു ; വാളയാര്‍ കേസ് ഉന്നയിച്ച്‌ പ്രതിപക്ഷം ; കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലെ ആദ്യ പരിപാടിയായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്‍ഡിഎഫിന്റെ രണ്ടു എംഎല്‍എമാര്‍ സഗൗരവവും മറ്റു മൂന്ന് പേര്‍ ദൈവനാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ. അക്ഷരമാല ക്രമത്തില്‍ ഇടതുപക്ഷത്തിന്റെ എംഎല്‍എ കെ യു ജനീഷ്‌കുമാറായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ദിവസം തന്നെ വാളയാര്‍ കേസ് സജീവ ചര്‍ച്ചയായി സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. കോന്നിയില്‍ യുഡിഎഫ് കോട്ട പിടിച്ചടക്കിയ ജനീഷ്‌കുമാര്‍ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. പിന്നാലെ മഞ്ചേശ്വരത്ത് നിന്നും വന്‍ വിജയം നേടിയ മുസ്‌ളീംലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എംസി കമറുദ്ദീന്‍ എത്തി. കന്നഡ ഭാഷയില്‍ അള്ളാഹുവിന്റെ നാമത്തിലായിരുന്നു കമറുദ്ദീന്റെ സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനോട് കഷ്ടിച്ച്‌ രക്ഷപ്പെട്ട സ്ഥാനത്ത് ഇത്തവണ വലിയ വിജയം നേടിയാണ് കമറുദ്ദീന്‍ നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷത്തെ വന്‍ വിജയം നേടി തിരിച്ചുവരവിന് കളമൊരുക്കിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത് വലിയ കയ്യടിയുടെ അകമ്ബടിയിലായിരുന്നു. സഗൗരവമായിരുന്നു വി കെ പ്രശാന്തും പ്രതിജ്ഞയെടുത്തത്. നിയമസഭയിലെ യുഡിഎഫിന്റെ ഏക വനിതാംഗമായ ഷാനിമോള്‍ ഉസ്മാനും ടി ജി വിനോദും ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. അരൂരില്‍ നിന്നും ജയിച്ചു കയറിയ ഷാനിമോള്‍ ഉസ്മാന്‍ അള്ളാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്തപ്പോള്‍ എറണാകുളം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ ടി ജി വിനോദ് അവസാനം സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. നേരത്തേ പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ മാണി സി കാപ്പനും സഭയുടെ ഭാഗമായതോടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മൂന്നു വീതം സീറ്റുകള്‍ നേടാനായിട്ടുണ്ട്. പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വാളയാര്‍ കേസാണ് സഭയില്‍ ആദ്യം ഉയര്‍ന്നതും. വിഷയത്തില്‍ പോലീസിന്റെ വീഴ്ചയും പ്രോസിക്യൂഷന്‍ പരാജയവും ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറമ്ബില്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കി. കേസില്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. നിയമനിര്‍മാണംമാത്രം ലക്ഷ്യമിട്ടുള്ള നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. അടുത്തമാസം 21-ന് അവസാനിക്കുന്ന സമ്മേളനകാലയളവില്‍ 16 ഓര്‍ഡിനന്‍സുകളും പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള ബില്ലും പരിഗണിക്കും. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിനു ഗാന്ധി അനുസ്മരണത്തിനായി നീക്കിവയ്ക്കും. സഭാ ടിവിയുടെ ഉദ്ഘാടനവും ഈ സമ്മേളനത്തില്‍ നടക്കും. നേരിട്ടുള്ള സംപ്രേക്ഷണത്തിനുപകരം ചര്‍ച്ചകളും മറ്റുമായി സഭാനടപടികള്‍ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. സമ്ബൂര്‍ണ കടലാസ്‌രഹിത പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത ബജറ്റ് സമ്മേളനം പുതിയ സംവിധാനത്തില്‍ നടത്താനാണ് ആസൂത്രണം ചെയ്യുന്നത്.

Related News