Loading ...

Home International

ഉപരോധം അവസാനിപ്പിക്കണമെന്ന് ഒബാമയും റൗള്‍ കാസ്ട്രോയും

ഹവാന (ക്യൂബ): ക്യൂബക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രേയും. ഹവാനയില്‍ ചരിത്രപ്രധാനമായ കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ഉപരോധം അവസാനിക്കുമെന്നും അതിനുവേണ്ട നടപടികള്‍ തന്‍െറ ഭരണകൂടത്തിനും അപ്പുറത്തേക്ക് തുടരുമെന്നും ഒബാമ പറഞ്ഞു. ‘ഉപരോധത്തിന്‍െറ കഴിഞ്ഞ അരനൂറ്റാണ്ട് ഞങ്ങളുടെയോ ക്യൂബന്‍ ജനതയുടെയോ താല്‍പര്യങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുകൊണ്ടുതന്നെ അത് അവസാനിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, എന്നാണെന്ന കാര്യം പറയാനാകില്ല’ -റൗള്‍ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു. ഉപരോധത്തിന്‍െറ കാര്യത്തില്‍ യു.എസ് നിരവധി ഭരണനടപടികളെടുത്തിട്ടുണ്ട്. ഉപരോധം നീക്കാന്‍ യു.എസ് കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം ആവശ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത്തരം സംഭാഷണങ്ങള്‍ ഇതിനുള്ള സാഹചര്യമൊരുക്കും. ക്യൂബയിലെ മനുഷ്യാവകാശപ്രശ്നങ്ങളുടെ കാര്യത്തില്‍ പുറത്തുള്ളവര്‍ക്ക് ആശങ്കയുണ്ടെന്നും ഇത് പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബക്കെതിരായ വ്യാപാര ഉപരോധം നീക്കണമെന്ന് താന്‍ യു.എസ് കോണ്‍ഗ്രസിനോട് തുടര്‍ന്നും ആവശ്യപ്പെടുമെന്നും അതേസമയം, ക്യൂബയില്‍ വ്യവസായങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് റൗള്‍ കാസ്ട്രോയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഒബാമ വെളിപ്പെടുത്തി.ജനാധിപത്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് റൗള്‍ കാസ്ട്രോയുമായി തുറന്നുസംസാരിച്ചു.  ഇരു രാജ്യങ്ങള്‍ക്കും വ്യത്യസ്ത സര്‍ക്കാര്‍ സംവിധാനവും  സമ്പദ്വ്യവസ്ഥയുമാണ് ഉള്ളതെന്നും ദശാബ്ദങ്ങള്‍ നീണ്ട ഭിന്നതയുണ്ടെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിച്ചായിരുന്നു സംഭാഷണം. ക്യൂബ ഇന്ന് യു.എസിനെ സംബന്ധിച്ച് ഭീഷണിയാണെന്ന് കരുതുന്നില്ളെന്ന് ഒബാമ പറഞ്ഞു. കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ക്യൂബ സന്ദര്‍ശിക്കാനുതകുംവിധം വിമാന, ഫെറി സര്‍വിസുകള്‍ തുടങ്ങും. ക്യൂബയുടെ ഭാവി ക്യൂബക്കാര്‍തന്നെയാണ് തീരുമാനിക്കുക, മറ്റാരുമല്ല. യു.എസിലെ അടിസ്ഥാന അവകാശങ്ങളുമായി ബന്ധപ്പെട്ട ക്യൂബയുടെ വിമര്‍ശം ഉള്‍ക്കൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിപരമായ സംവാദത്തെ സ്വാഗതം ചെയ്യുന്നു. ക്യൂബ- യു.എസ് മനുഷ്യാവകാശ സംവാദം ഹവാനയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.ഉപരോധം അവസാനിപ്പിക്കണമെന്നും യു.എസ് കൈവശം വച്ചിരിക്കുന്ന ഗ്വാണ്ടനാമോ തിരിച്ചുനല്‍കണമെന്നും ഒബാമയുമായുള്ള സംഭാഷണത്തില്‍ റൗള്‍ കാസ്ട്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ക്യൂബക്കെതിരായ വിമര്‍ങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ‘‘മനുഷ്യാവകാശ- പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 61 അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഇവയില്‍ എല്ലാം കൃത്യമായി പാലിക്കുന്ന ഒരു രാജ്യവുമുണ്ടാകില്ല. എന്നാല്‍, ക്യൂബ ഇവയില്‍ 40 എണ്ണത്തോളം പാലിക്കുന്നുണ്ട്’’; റൗള്‍ കാസ്ട്രോ ചൂണ്ടിക്കാട്ടി.
നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ഒബാമയുമായി ചര്‍ച്ചചെയ്തതായി അദ്ദേഹം പറഞ്ഞു. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ബന്ധം രൂപപ്പെടേണ്ടതിനെക്കുറിച്ച് റാഉള്‍ കാസ്ട്രോ പ്രതീക്ഷ പ്രകടിപ്പിച്ചു. പാലം തകര്‍ക്കല്‍ എളുപ്പമാണ്; എന്നാല്‍, പുനര്‍നിര്‍മാണം പറഞ്ഞുതരും, ആ നിര്‍മാണം എത്രമാത്രം വിഷമമേറിയതായിരുന്നുവെന്ന്. രാഷ്ട്രീയ വ്യവസ്ഥ, ജനാധിപത്യം, മനുഷ്യാവകാശം, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ ചര്‍ച്ചാവിഷയമായി. പൗരാവകാശങ്ങളില്‍ ഇരട്ടത്താപ്പ് അനുവദിക്കാനാകില്ല. ഗ്വണ്ടാനമോ അടക്കമുള്ള വിഷയങ്ങളില്‍ തങ്ങള്‍ക്കുള്ള വിമര്‍ശം ഇതുമായി ചേര്‍ത്തുവെക്കേണ്ടതുണ്ട്.സംഭാഷണം തുടരണമെന്നും ഭിന്നതകളുള്ളപ്പോള്‍തന്നെ മാന്യമായി എങ്ങനെ സഹവര്‍ത്തിക്കാം എന്നതും ഇരുനേതാക്കളും സമ്മതിച്ചു. യു.എസ് ഉപരോധം ക്യൂബയെയും മറ്റു രാജ്യങ്ങളെയും എങ്ങനെ ബാധിച്ചു എന്ന് റാഉള്‍ കാസ്ട്രോ ഒബാമയെ ബോധ്യപ്പെടുത്തി.

Related News