Loading ...

Home International

ബ്രസൽസ് ചാവേറാക്രമണം: ഭീകരരെന്ന് കരുതുന്നവരുടെ ചിത്രം പുറത്തുവിട്ടു

ബ്രസൽസ്: ബെൽജിയം തലസ്​ഥാനമായ ബ്രസൽസിൽ ചാവേർ സ്​ഫോടനം നടത്തിയ ഭീകരരെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇരട്ട സ്ഫോടനം നടന്ന സാവെന്‍റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ചിത്രങ്ങളാണ് ബെൽജിയം പൊലീസ് പുറത്തുവിട്ടത്. ചാവേറാക്രമണം നടത്തിയ മൂന്നുപേർ ട്രോളികൾ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്.

ചാവേറാക്രമണത്തിന് എത്തിയ മൂന്നാമന്‍റെ ചിത്രം
 

ഇതിൽ രണ്ടു പേർ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് ബെൽജിയം പൊലീസ് കരുതുന്നത്. മൂന്നാമനാണ് ചിത്രത്തിൽ കാണുന്ന ഇളം നിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച ആൾ. ഇയാൾക്കായി പരിശോധന ഊർജിതമാക്കിയതായി ഫെഡറിക് പ്രോസിക്യൂട്ടർ വാൻ ലീവ് അറിയിച്ചു.
 
രണ്ട് സ്ഫോടനങ്ങളാണ് സാവെന്‍റം വിമാനത്താവളത്തിൽ നടന്നത്. എന്നാൽ, ടെർമിനലിൽ നടത്തിയ വിശദമായ പരിശോധനയിൽ പൊട്ടാത്ത ഒരു ബെൽറ്റ് ബോംബ് പൊലീസ് കണ്ടെടുത്തു.
സ്ഫോടനം നടത്തിയെന്ന് കരുതുന്ന രണ്ടു പേർ
 

ചൊവ്വാഴ്ച രാവിലെയാണ് ബ്രസല്‍സിലെ സാവെന്‍റം വിമാനത്താവള കെട്ടിടത്തില്‍ രണ്ടിടത്തും മില്‍ബീക് മെട്രോസ്റ്റേഷനിലും ചാവേറാക്രമണം നടന്നത്. സ്ഫോടന പരമ്പരയില്‍ 36 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ജെറ്റ് എയര്‍വേസിലെ ഒരു വനിത ഉള്‍പ്പെടെ ഇന്ത്യക്കാരായ രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസുമായി ബന്ധമുള്ള വെബ്‌സൈറ്റുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്.

Related News