Loading ...

Home health

അല്‍ഷിമേഴ്‌സ് പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ഭേദമാക്കാമെന്ന് മലയാളിഗവേഷകര്‍

കോഴിക്കോട്: മറവിരോഗമായ അല്‍ഷിമേഴ്‌സിനെ പ്രാരംഭഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാനുള്ള മാര്‍ഗവുമായി മലയാളിഗവേഷകര്‍. പൂര്‍ണമായി ചികിത്സിച്ചുഭേദമാക്കാന്‍ കഴിയില്ലെങ്കിലും തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗതീവ്രത കുറയ്ക്കാന്‍ കഴിയുമെന്നു ഗവേഷകര്‍ പറയുന്നു. സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സ്കൂള്‍ഓഫ് മെഡിസിനില്‍ ഗവേഷകരായ നിമ്മിബേബി, സജികുമാര്‍ ശ്രീധരന്‍ എന്നിവരടങ്ങിയ ഗവേഷകസംഘമാണ് രോഗത്തെ മുന്‍കൂട്ടിയറിയാന്‍ സഹായിച്ചേക്കാവുന്ന നൂതന ‘ബയോമാര്‍ക്കര്‍’ കണ്ടെത്തിയത്. ‘ഏജിങ് സെല്‍’ ജേണലിന്റെ പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മേധാക്ഷയത്തിന്റെ വിഭാഗത്തില്‍പ്പെട്ടതാണ് അല്‍ഷിമേഴ്‌സ്. 65 വയസ്സ് കഴിഞ്ഞവരിലാണ് ഇതു പ്രത്യക്ഷപ്പെടുക. ചിലരില്‍ മുപ്പതുകളിലും നാല്‍പ്പതുകളിലും രോഗം തുടക്കം കുറിച്ചിട്ടുണ്ടാകാം. 65 കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷത്തിലും അല്‍ഷിമേഴ്‌സ് ഇരട്ടിയാകാനാണു സാധ്യത. ബീറ്റാ അമിലോയ്ഡുകള്‍ പോലുള്ള ചില പ്രോട്ടീനുകള്‍ മസ്തിഷ്കത്തില്‍ അധികമായി ശേഖരിക്കുന്നതാണ് അല്‍ഷിമേഴ്‌സിനു പ്രധാനകാരണം. ഇത് സിരാകോശങ്ങളെ ബാധിച്ച് ഓര്‍മകളെ നശിപ്പിക്കുന്നു. ഈ പ്രശ്‌നം ആദ്യം ബാധിക്കുക മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസിനെയാണ്. ദീര്‍ഘകാല ഓര്‍മകള്‍ ഏകീകരിക്കുന്നതില്‍ ഹിപ്പോകാമ്പസ് പ്രധാനമാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഹിപ്പോകാമ്പസിലെ സിരാകോശങ്ങള്‍ക്കു പ്രവര്‍ത്തനശേഷി നഷ്ടപ്പെടും. ഓര്‍മകളുടെ ഏകീകരണം അസാധ്യമാകും.

Related News