Loading ...

Home National

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിയമം ജനുവരിയോടെയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമത്തിന് ജനുവരി 15 ഓടെ അന്തിമരൂപമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കവേയാണ് അറ്റോര്‍ണി ജനറല്‍ വിവരം ബോധിപ്പിച്ചത്‌. തീവ്രവാദികള്‍ക്കും, ക്രിമിനലുകള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ വഴി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കാന്‍ സാധ്യമല്ലെന്ന്അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. തീവ്രവാദം ഉള്‍പ്പടെ ഉള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ അവരുടെ പ്ലാറ്റ്ഫോമുകള്‍ കേന്ദ്ര സര്‍ക്കാരിന് പ്രാപ്യം ആക്കണം. ആരുടെയും സ്വകാര്യതയിലേക്ക് കടന്ന് കയറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യ സുരക്ഷ ഉള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരുമായി സഹകരിക്കില്ലായിരുന്നുവെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യയിലേക്ക് വരരുതായിരുന്നുവെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിനെ ആധാറുമായി ബന്ധിപ്പിക്കണം എന്നും, സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഐ ടി ആക്ടിന്റെ 69 ആം വകുപ്പിന്റെ ഭേദഗതിയോടെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിയമപരമായ അധികാരം ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാരുമായി വിവരങ്ങള്‍ പങ്ക് വയ്ക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്താന്‍ നിയമപരമായ അനുമതി ഉണ്ടെങ്കിലും, വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യത ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാരിന് സ്വന്തമായി സാങ്കേതിക വിദ്യ ഉണ്ടാകേണ്ടതല്ലേ എന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു. സാമൂഹിക മാധ്യമങ്ങള്‍ ഒരു അടഞ്ഞ വാതില്‍ പോലെയാണ്. താക്കോല്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് തുറന്നു നോക്കൂ എന്നാണ് അവര്‍ സര്‍ക്കാരിനോട് പറയുന്നത്. എന്നാല്‍ താക്കോല്‍ സര്‍ക്കാരിന് കൈമാറാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടോ എന്ന ചോദ്യം ആണ് പ്രസക്തം എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും കാരണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍, നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. ചിന്തിക്കാവുന്നതിനും അപ്പുറം തടസമാണ് ഇന്റര്‍നെറ്റ് ജനാധിപത്യ വ്യവസ്ഥക്ക് സൃഷ്ടിക്കുന്നത് എന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് അഡിഷണല്‍ സെക്രട്ടറി പങ്കജ് കുമാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവര്‍ സംരക്ഷിക്കാന്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടതാണ് എന്നും സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം വിജ്ഞാപനം ചെയ്യാന്‍ മൂന്ന് മാസത്തെ സമയം കൂടി വേണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈകോടതിയുടെ പരിഗണനയില്‍ ഉള്ളത് ഉള്‍പ്പടെ ഉള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന ഫേസ് ബുക്കിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് ശേഷം ജനുവരി അവസാന വാരം ഫേസ് ബുക്കിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിശദമായി വാദം കേള്‍ക്കും.

Related News