Loading ...

Home sports

ബംഗ്ലാദേശ് ചാമ്ബ്യന്മാരെ നാണംകെടുത്തി ഗോകുലം കേരള എഫ്‌സി

ധാക്ക: ബംഗ്ലാദേശ് ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗോകുലം കേരള എഫ്‌സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന ഗോകുലം ബസുന്ധര കിങ്‌സിനെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരെ അവരുടെ തട്ടകത്തില്‍ തന്നെ തകര്‍ത്തത് ഗോകുലത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഡ്യൂറന്‍സ് കപ്പില്‍ ജേതാക്കളായ കളി മറന്നിട്ടില്ലെന്ന് തെളിയിച്ചാണ് ഗോകുലത്തിന്റെ ജയം. ക്യാപ്റ്റനും ടീമിന്റെ നെടുന്തൂണുമായ മാര്‍ക്കസ് ജോസഫിന്റെ അഭാവത്തിലും ഗോകുലം മികച്ച പ്രകടനം നടത്തുകയും വിജയം നേടുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം. ആദ്യാവസാനം സര്‍വാധിപത്യം പുലര്‍ത്തിയ ഗോകുലം 21ാം മിനുട്ടില്‍ മുന്നിലെത്തി. ഹെന്റി കിസേക്കയാണ് ഗോകുലത്തിനായി വലകുലുക്കിയത്. ആറ് മിനുട്ടിനുള്ളില്‍ ട്രിനിഡാഡ് താരം നഥാനിയേല്‍ ഗാര്‍ഷ്യയുടെ മനോഹര ഫ്രീ കിക്കിലൂടെ ഗോകുലം ലീഡുയര്‍ത്തി. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്ബോള്‍ ഗോകുലം രണ്ട് ഗോളിന് മുന്നിട്ട് നിന്നു. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഗോകുലം മൂന്നാം ഗോള്‍ കണ്ടെത്തി. 46ാം മിനുട്ടില്‍ ഹെന്റി കിസേക്ക തന്നെയാണ് ഗോകുലത്തിനായി വലതുളച്ചത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട് തോല്‍ക്കാതിരിക്കാന്‍ പൊരുതിക്കളിച്ച ബസുന്ധരയ്ക്ക് വേണ്ടി 74ാം മിനുട്ടില്‍ മോട്ടിന്‍ മിയ ആശ്വാസ ഗോള്‍ നേടി. 24ന് ടെരെങ്കാനും എഫ്‌സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Related News