Loading ...

Home cinema

കലാഭവന്‍ മണിയുടെ മരണം : 140 പേരെ ചോദ്യംചെയ്‌തു; അന്വേഷണം വ്യാപിപ്പിക്കുന്നു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ എസ്‌.പി. ഉണ്ണിരാജ ചേനത്തുനാടുള്ള പാടി എന്ന ഔട്ട്‌ ഹൗസ്‌ സന്ദര്‍ശിച്ചു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നതു സംബന്ധിച്ച അന്വേഷണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മണിക്കു ചികിത്സ നല്‍കിയതില്‍ വിഴ്‌ചവന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതു സംബന്ധിച്ച്‌ അന്വേഷിക്കാനായി കൊച്ചി പോലീസിന്‌ നിര്‍ദേശം നല്‍കി.
മണിയുടെ സുഹൃത്തുക്കളെയും അവസാനദിവസം പാടിയിലുണ്ടായിരുന്നവരെയും ചോദ്യം ചെയ്യുന്നത്‌ ഇന്നലെയും തുടര്‍ന്നു. മണിയുടെ തറവാടു വീടിനോടു ചേര്‍ന്ന്‌ മണിയുടെ ഉടമസ്‌ഥതയിലുള്ള വാഴത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം ക്ലോര്‍പൈറിഫോസ്‌ കീടനാശനിയുടെ രണ്ടു പ്ലാസ്‌റ്റിക്‌ കുപ്പികള്‍ കണ്ടെത്തിയിരുന്നു. 100 മില്ലിയുടെ രണ്ടു കുപ്പികളാണ്‌ ഇവിടെ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്‌. ഇതില്‍ ഒരു കുപ്പിയില്‍ പകുതിയോളം കീടനാശിനി ഉണ്ടായിരുന്നു. ഇവ കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്‌. ഇത്തരത്തിലുള്ള കീടനാശിനി ചാലക്കുടിയിലെ നാലു വ്യാപാര സ്‌ഥാപനങ്ങളില്‍ വില്‍പ്പന നടത്തുന്നതായും പോലീസ്‌ കണ്ടെത്തി.
വാഴത്തോട്ടത്തില്‍ നിന്നും ലഭിച്ച കീടനാശിനിക്കുപ്പികള്‍ ചാലക്കുടിയില്‍ നിന്നുതന്നെ വാങ്ങിയതാണോ എന്നതും അന്വേഷിക്കുന്നുണ്ട്‌. അത്‌ ആരാണ്‌ വാങ്ങിയതെന്നും കണ്ടെത്തേണ്ടതുണ്ട്‌. മണിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച്‌ ഭാര്യയും സഹോദരനും ആരോപണമുന്നയിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മണിയുടെ സുഹൃത്തുക്കളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പോലീസ്‌ അന്വേഷിക്കും.
ഇതിനകം 140പേരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇതില്‍ പലരും പോലീസ്‌ കസ്‌റ്റഡിയിലാണിപ്പോഴും. മണിയുടെ ശരീരത്തില്‍ നാലാം തീയതി കീടനാശിനി എത്തിയിട്ടില്ലെന്നാണു പോലീസ്‌ പറയുന്നത്‌.
മണിയുടെ അടുപ്പക്കാരായ മൂന്നുപേരെ ചുറ്റിപ്പറ്റിയാണ്‌ അന്വേഷണം നടക്കുന്നത്‌. പാടിയിലേക്ക്‌ എങ്ങനെ കീടനാശിനി എത്തിയെന്നതും പോലീസിനെ കുഴപ്പിക്കുന്നു.
ആത്മഹത്യയാക്കാന്‍ ശ്രമം: സഹോദരന്‍ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാക്കാന്‍ ശ്രമം നടക്കുന്നെന്ന്‌ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണി മരിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മരണം ആത്മഹത്യയോ കൊലപാതകമോ എന്നു സ്‌ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
പാടിയിലേക്ക്‌ ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമൊക്കെയായി അബ്‌കാരി ആക്‌ട്‌ പ്രകാരം എട്ടു പേര്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അറസ്‌റ്റ്‌ ചെയ്‌തവരില്‍ മൂന്നുപേരെ പോലീസ്‌ രഹസ്യ കേന്ദ്രത്തിലേക്ക്‌ മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കീടനാശിനി ഉള്ളില്‍ച്ചെന്നത്‌ രാത്രിയിലെ മദ്യസല്‍ക്കാരത്തിന്‌ ശേഷംതൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പെറിഫോസ്‌ എന്ന കീടനാശിനി ഉള്ളില്‍ച്ചെന്നത്‌ അഞ്ചിനു പുലര്‍ച്ചെയെന്ന്‌ പോലീസ്‌. അന്നു രാവിലെ നാലിനും എട്ടിനും ഇടയിലാണ്‌ വിഷം ഉള്ളില്‍ച്ചെന്നതെന്നാണ്‌ അനുമാനം. ക്ലോര്‍പെറിഫോസ്‌ പോലെയുള്ള കീടനാശിനികള്‍ ഉള്ളില്‍ച്ചെന്നാല്‍ ഉടന്‍ തന്നെ ഛര്‍ദ്ദിക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതാണ്‌ നാലിനു രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെയല്ല കീടനാശിനി ഉള്ളില്‍ ചെന്നതെന്നു കരുതാന്‍ കാരണം.
ഈ സാഹചര്യത്തില്‍ നടന്മാരായ ജാഫര്‍ ഇടുക്കി, സാബു എന്നിവരെ ഉടന്‍ വീണ്ടും ചോദ്യം ചെയ്യേണ്ടെന്നും പോലീസ്‌ തീരുമാനിച്ചു. മണിയുടെ സഹായികളിലേക്കാണ്‌ അന്വേഷണം തിരിയുന്നത്‌. മണിയുടെ ഔട്ട്‌ഹൗസായ പാടിയില്‍ കണ്ടെത്തിയ കീടനാശിനിയെക്കുറിച്ചുള്ള അന്വേഷണമാണു നടക്കുന്നത്‌.
കീടനാശിനിയുടെ മൂന്നു കുപ്പികള്‍ പോലീസ്‌ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരെണ്ണം തുറന്ന നിലയിലായിരുന്നു. വാഴകള്‍ക്ക്‌ കര്‍ഷകര്‍ സാധാരണ ഉപയോഗിക്കുന്ന കീടനാശിനിയാണിത്‌. ചാലക്കുടിയിലെ നാലു കടകളില്‍ ഈ കീടനാശിനി വില്‍ക്കുന്നുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തി.
എല്ലാ പരിശോധനയും നടത്തും: ഐ.ജി.തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച്‌ എല്ലാ തലത്തിലുള്ള പരിശോധനയും നടത്തുമെന്ന്‌ ഐ.ജി: എം.ആര്‍. അജിത്‌ കുമാര്‍ പറഞ്ഞു. അന്വേഷണപുരോഗതി വിലയിരുത്താന്‍ എസ്‌.പി. ഓഫീസില്‍ ചേര്‍ന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീടനാശിനി ഉള്ളില്‍ ചെന്നത്‌ എങ്ങനെയെന്നാണ്‌ പ്രധാന അന്വേഷണം. കരള്‍ രോഗം മൂലമാണ്‌ മരണമെന്ന പ്രാഥമിക നിഗമനത്തില്‍നിന്ന്‌ പോലീസ്‌ പിന്‍മാറുകയാണ്‌. അമൃത ആശുപത്രിയില്‍ മണിക്ക്‌ അവസാനം ലഭിച്ച പരിശോധനയെ സംബന്ധിച്ചും അന്വേഷിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കീടനാശിനിയുടെ കുപ്പികള്‍ കിട്ടിയതുമായി ബന്ധപ്പെട്ടും വിശദമായ പരിശോധന ആരംഭിച്ചു.
ക്രൈംബ്രാഞ്ച്‌ എസ്‌.പി: പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്‌.പി. സോജന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഇന്നലെ വൈകിട്ട്‌ ആറിന്‌ തൃശൂര്‍ എസ്‌.പി. ഓഫീസില്‍ ആരംഭിച്ച ഉന്നതതല യോഗം എട്ടരയോടെയാണ്‌ സമാപിച്ചത്‌.
ചികില്‍സാരീതി, ബാങ്ക്‌ അക്കൗണ്ട്‌ എന്നിവ അന്വേഷിക്കുംതൃശൂര്‍: കലാഭവന്‍ മണിയുടെ ചികില്‍സയില്‍ എന്തെങ്കിലും പിഴവ്‌ സംഭവിച്ചോയെന്ന്‌ പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാന്‍ കൊച്ചി പോലീസിനു നിര്‍ദേശം നല്‍കി. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുണ്ടായതിനെ തുടര്‍ന്നാണ്‌ ഇക്കാര്യം അന്വേഷിക്കുന്നത്‌. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. മണിയുടെയും മണിയുടെ സഹായികളുടെയും ബാങ്ക്‌ അക്കൗണ്ടുകള്‍ പരിശോധിക്കാനും പോലീസ്‌ തീരുമാനിച്ചു. ഈ ദിവസങ്ങളില്‍ മണിയുടെ അക്കൗണ്ടില്‍ നിന്ന്‌ ഏതെങ്കിലും പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാനാണിത്‌. മണിക്ക്‌ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വൈകുംതൃശൂര്‍: കലാഭവന്‍ മണിയുടെ പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട്‌ വൈകുമെന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍. ആന്തരാവയവ പരിശോധനയില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ വൈകുമെന്ന്‌ അറിയിച്ചിരിക്കുന്നത്‌. ്രൈകംബ്രാഞ്ച്‌ എസ്‌.പി. ഉണ്ണിരാജന്‍ മണിയുടെ ഔട്ട്‌ ഹൗസായ പാടി സന്ദര്‍ശിച്ചു.

Related News