Loading ...

Home Gulf

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കും അതിഥികളെ കൊണ്ടുവരാം ; വിസാ നടപടികള്‍ ഉടന്‍ അനുവദിക്കുമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡണ്ട്

റിയാദ് : സൗദി അറേബ്യയിലേക്ക് വിദേശങ്ങളില്‍നിന്ന് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉംറക്ക് അതിഥികളെ കൊണ്ടുവരുന്നതിന് നിയമാനുസൃതം രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് അവസരമൊരുക്കുന്ന അതിഥി വിസകള്‍ ഉടന്‍തന്നെ അനുവദിച്ചു തുടങ്ങുമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്ല ഖാദി പറഞ്ഞു. 90 ദിവസ കാലാവധിയുള്ള ആതിഥേയ വിസകളാണ് അനുവദിക്കുക. ഇതനുസരിച്ച്‌ രാജ്യത്ത് കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരാനാകും. ഉംറ നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്ക് രാജ്യത്തുടനീളം സന്ദര്‍ശനം നടത്താനും സാധിക്കും . അതേസമയം, ഉംറ നിര്‍വഹിക്കുന്നതിന് എത്തുന്ന വിദേശ വനിതകളെ മാത്രമാണ് അടുത്ത ബന്ധുവായ പുരുഷന്‍ (മഹ്‌റം) ഒപ്പമുണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഹജ് വിസയിലെത്തുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വനിതകള്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ മഹ്‌റം ഒപ്പം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ റദ്ദാക്കാനാണ് നീക്കമുള്ളത് .നിലവില്‍ 45 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ എത്തുമ്ബോള്‍ മഹ്‌റം വേണമെന്നാണ് വ്യവസ്ഥ . ഉംറ വിസകളില്‍ എത്തുന്നവര്‍ക്ക് സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും അനുമതിയുണ്ടാകും. ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും സാധിക്കും. വിദേശ ഉംറ തീര്‍ഥാടകര്‍ക്കുള്ള സെന്‍ട്രല്‍ ബുക്കിംഗ് എന്‍ജിനായ മഖാം പോര്‍ട്ടല്‍ വഴി സൗദി ടൂറിസം കമ്ബനികളുമായി നേരിട്ട് ആശയ വിനിമയം നടത്തി മധ്യവര്‍ത്തിയില്ലാതെ 30 ദിവസ കാലാവധിയുള്ള ഇ-വിസ നേടാന്‍ വിദേശ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നുണ്ടെന്നും അബ്ദുല്ല ഖാദി പറഞ്ഞു. സൗദിയില്‍ ടുറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മുതല്‍ ടുറിസ്റ്റ് വിസകളും അനുവദിച്ചിട്ടുണ്ട് .

Related News