Loading ...

Home Kerala

സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍: കേരളത്തിന്റെ 43 നിര്‍ദേശങ്ങള്‍ കേന്ദ്ര പരിഗണനയില്‍

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമര്‍പ്പിച്ച നാല്‍പ്പത്തിമൂന്ന് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന്റെ സജീവ പരിഗണനയില്‍. ഫിഷറീസ് മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തീര്‍പ്പവകാശിയായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, ഉത്തരവാദിത്വ മത്സ്യബന്ധനത്തിനുള്ള നിബന്ധനകള്‍, സമുദ്ര സംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമായ നടപടികള്‍, പ്രകൃതിയ്ക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിരമായ മത്സ്യബന്ധനം, മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം, വിദേശ മത്സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് റദ്ദാക്കല്‍, തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് സജ്ജമാക്കല്‍, ലൈസന്‍സ് രജിസ്ട്രേഷന്‍ ഫീസുകളും നിയമലംഘനത്തിനുള്ള പിഴകളും ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കല്‍, ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഇന്ത്യ ഒട്ടാകെ നടപ്പാക്കല്‍, വംശനാശ ഭീഷണി നേരിടുന്ന സമുദ്രജീവികളുടെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, മത്സ്യബന്ധനയാനങ്ങളുടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കേന്ദ്ര ബില്ല് തയ്യാറാക്കുന്നതിനു മുന്നോടിയായി കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി എസ് സിബലുമായി ചര്‍ച്ച ചെയ്തു. ബില്ലിനുള്ള അടിത്തറയായി കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാറുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി എസ് സിബല്‍ പറഞ്ഞു. സംസ്ഥാനത്തെ തുറമുഖങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക കാലതാമസം കൂടാതെ ലഭിക്കുന്നതിനും, ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്ക് വ്യാപിപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നുള്ള മന്ത്രിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Related News