Loading ...

Home Gulf

പരിഷ്‌കരിച്ച തൊഴില്‍ നിയമാവലിക്ക് സൗദിയില്‍ അംഗീകാരം; ശിക്ഷകള്‍ക്കും പിഴ ഇരട്ടിയായി

മനാമ > സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങളെ കര്‍ശനമായി നേരിടാന്‍ ലക്ഷ്യമിട്ടുള്ള നിയമാവലി ദേഗതിക്ക് അംഗീകാരം. ഇതുപ്രകാരം പാസ്‌പോര്‍ട്ട്, ഇഖാമ പിടിച്ചുവെക്കല്‍, വിസ കച്ചവടം നടത്തല്‍, വ്യാജ ഒളിച്ചോട്ട പരാതി നല്‍കല്‍ തുടങ്ങിയവ വന്‍ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ചില നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ ഇരട്ടിയായി ഉയര്‍ത്തി. തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി അംഗീകാരം നല്‍കിയ ഭേദഗതി, ഇരുപതോളം മേഖലകളിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മന്ത്രാലയം ലേബര്‍ കോടതിയെ സമീപിക്കും. ശിക്ഷാ തീരുമാനങ്ങളില്‍ 30 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിനു മുന്നില്‍ എതിര്‍വാദം സമര്‍പ്പിക്കാന്‍ നിയമ ലംഘകര്‍ക്ക് അവകാശമുണ്ടാകും. 60 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കും. തൊഴിലാളികള്‍ക്ക് ചുമത്തുന്ന പിഴ തൊഴിലുടമകളില്‍ നിന്ന് ഈടാക്കും. തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച്‌ പിഴ ഇരട്ടിയാകും. ജോലി സ്ഥലത്തുനിന്ന് തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി (ഹുറൂബാക്കല്‍) നല്‍കിയാല്‍ തൊഴിലുടമക്ക് 20,000 റിയാലാണ് പിഴ. വിസക്കച്ചവടം, അതിനു മധ്യസ്ഥത വഹിക്കല്‍ എന്നിവക്ക് വിസയൊന്നിന് 50,000 റിയാല്‍ പിഴ ചുമത്തും. വിസകളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനു മന്ത്രാലയത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ 25,000 റിയാല്‍ പിഴ ചുമത്തും. വര്‍ക്ക് പെര്‍മിറ്റില്ലാത്ത വിദേശിയെ ജോലിക്കുവെച്ചാല്‍ 20,000 റിയാലും വര്‍ക്ക് പെര്‍മിറ്റിലെ തസ്തികക്കു വിരുദ്ധമായി ജോലി ചെയ്യിച്ചാല്‍ 10,000 റിയാലും അനുമതിയില്ലാതെ ആശ്രിത വിസക്കാരെ ജോലിക്കു വെച്ചാല്‍ 25,000 റിയാലുമാണ് പിഴ. തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ട്, ഇഖാമ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയവ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന തൊഴിലുടമകള്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ നല്‍കേണ്ട ഫീസുകളും ചെലവുകളും തൊഴിലാളിയില്‍നിന്ന് ഈടാക്കിയാല്‍ 10,000 റിയാല്‍ പിഴ നല്‍കണം. സ്വദേശിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിച്ചാലും 20,000 റിയാല്‍ പിഴയിടാം. അതേസമയം, സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്ഥാപനത്തിലെ ജീവനക്കാരനെന്നോണം രജിസ്റ്റര്‍ ചെയ്താല്‍ 25,000 റിയാല്‍ പിഴ ചുമത്താം. സൗദി ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച തുക വര്‍ധിക്കും. ഓരേ നിയമ ലംഘനം ആവര്‍ത്തിച്ചല്‍ ശിക്ഷ ഇരട്ടിയാകും. കഴിഞ്ഞ ആഗ്‌സത് ഒന്നിനാണ് തൊഴില്‍ നിയമ ഭേദഗതിയായത്.

Related News