Loading ...

Home Gulf

സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്‌ഫോടനം; ഗള്‍ഫ് മേഖല വീണ്ടും യുദ്ധഭീതിയില്‍

ജിദ്ദ:  സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കപ്പലിനു നേരെ രണ്ട് മിസൈലുകളുടെ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്ബനിയെ ഉദ്ധരിച്ച്‌ ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ദേശീയ എണ്ണക്കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. സ്‌ഫോടനത്തില്‍ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച്‌ സൗദി അറേബ്യയോ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്ത്ത് ഫ് ളീറ്റോ പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച്‌ ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

സൗദി അറേബ്യയുടെ രണ്ട് എണ്ണ കമ്ബനികള്‍ക്കു നേരെ ഇക്കഴിഞ്ഞ സെപ്തംബര്‍ 14നുണ്ടായ ആക്രമണം എണ്ണ ഉത്പാദനത്തില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. പ്രതിദിനം 57 ലക്ഷം ബാരല്‍ ഉത്പാദനമാണ് ഇതോടെ വെട്ടിക്കുറച്ചത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചു ശതമാനത്തില്‍ ഏറെ വരുമിത്. ഇതോടെ ഇറാനും സൗദിയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും ചെയ്തിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തുവെങ്കിലും ആക്രമണം തെക്കു പടിഞ്ഞാറന്‍ ഇറാനില്‍ നിന്നായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ ഇറാനെതിരെ സൗദിയും വിമര്‍ശനം ഉന്നയിച്ചുവെങ്കിലും ഇറാന്‍ നിഷേധിക്കുകയായിരുന്നു.

Related News