Loading ...

Home National

കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം; തീരുമാനം ഇങ്ങനെ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്ന് വിവരം. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും അടുത്ത ദിവസങ്ങളില്‍ മോചിപ്പിക്കും. ജമ്മു കശ്മീര്‍ ഭരണകൂടം ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനാനമെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്കുളളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും മറ്റ് തടവുകാരെയും മോചിപ്പിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഓഗസ്റ്റില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്. ഉന്നത രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുളള 800 ഓളം പേരായിരുന്നു തടങ്കിലിലുണ്ടായിരുന്നത്. ഇവരില്‍ 250 ഓളം പേരെ കശ്മീരില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പീപ്പിള്‍ കോണ്‍ഫറന്‍സിന്റെ മുന്‍മന്ത്രി ഇമ്രാന്‍ റാസ അന്‍സാരിയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സെപ്്റ്റംബര്‍ 21 ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളോട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത് ക്രമസമാധാന പ്രതിസന്ധിയിലേക്ക് നയിക്കില്ലെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവരെ ഓരോരുത്തരായി വിട്ടയക്കുമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ പറഞ്ഞു. മൂന്ന് പേരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഭരണ കൂടം തീരുമാനിച്ചിരുന്നു. അതേസമയം, വീട്ടുതടങ്കലില്‍ കഴിയുന്ന ഫറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി പ്രതിനിധി സംഘത്തിന് അനുമതി നല്‍കിയിരുന്നു. പാര്‍ട്ടിയുടെ ജമ്മു പ്രവിശ്യ അധ്യക്ഷന്‍ ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് ഇവരെ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് നേതാക്കളെ കാണാനുള്ള അനുമതി നല്‍കിയത്.

Related News