Loading ...

Home International

മോദിഭക്തിയില്‍ ആറാടിക്കൊണ്ടിരിക്കുന്ന പ്രവാസികളോട് ഒരു വാക്ക്

അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ചു നടന്ന 'ഹൗഡി മോദി' എന്ന പരിപാടി അമേരിക്കയില്‍ സ്ഥിരതാമസക്കാരും അമേരിക്കന്‍ ഐക്യനാടുകളില്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞവരും നാട്ടിലേക്ക് സ്ഥിരമായി മടങ്ങാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്തവരുമായ കുറേപ്പേരെ വല്ലാതെ ആവേശം കൊള്ളിച്ചിരിക്കുന്നതായി വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോട് കാര്യമായ ബന്ധമില്ലാത്തവരും എന്നാല്‍ ഹിന്ദു സാംസ്കാരിക മാഹാത്മ്യത്തെ അമേരിക്കയില്‍ തങ്ങള്‍ അനുഭവിച്ചു വരുന്ന വംശീയമായ വിലയില്ലായ്മയെ മറച്ചു പിടിക്കാനായി ഉപയോഗിക്കുന്നവരുമായ ഈ സംഘത്തിന് ഒരിക്കലുമില്ലാത്ത വിധത്തിലുള്ള പ്രാധാന്യവും ദൃശ്യതയുമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. ഇത് അപ്രതീക്ഷിതമല്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് ഇവിടുത്തെ പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണഫലം പിന്‍പറ്റിയ ശേഷം നാടുവിട്ട് ആര്‍ജിച്ച കഴിവുകള്‍ മുഴുവന്‍ കുടിയേറിയ സമൂഹത്തിനു കാഴ്ചവച്ച അതിസമ്ബന്നരായ ഒരു ചെറുവിഭാഗത്തെ ഇവിടുത്തെ ഹിന്ദുത്വ വലതുപക്ഷം കാര്യമായി വളര്‍ത്തിയെടുത്തിട്ടുണ്ട്. സവര്‍ക്കറുടെ ദേശീയതാ സങ്കല്പത്തിന് തികച്ചും ഇണങ്ങുന്ന സമീപനമാണ്. ജന്മഭൂമിയെന്നാല്‍ പുണ്യഭൂമി, അഥവാ മത വിശ്വാസത്തിന്‍റേതായ പുണ്യസ്ഥലങ്ങള്‍ നില്‍ക്കുന്നതായ ഇടം, ആണെന്ന സങ്കല്പ പ്രകാരം ഇന്ത്യയില്‍ നിന്നു നാലഞ്ചു തലമുറ മുന്‍പ് വെസ്റ്റിന്‍ഡീസിലേക്കും മലേഷ്യയിലേക്കും മറ്റും കുടിയേറിയ ഹിന്ദുക്കള്‍ക്കും ഇന്നത്തെ ഇന്ത്യയുടെ പ്രശ്നങ്ങളില്‍ അഭിപ്രായം പറയാനും കൈകടത്താനും അവകാശമുണ്ടെന്ന് വാദിക്കുന്ന നിലപാടാണിത്. ഇതിന്‍റെ മറുവശം നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ വേരുകളുള്ളവരും സര്‍വശേഷികളും ജീവിതകാലം മുഴുവന്‍ ഈ നാടിനു വേണ്ടി ചെലവഴിച്ചവരായ മുസ്ലിങ്ങളെപ്പോലും പ്രത്യക്ഷത്തില്‍ തന്നെ അന്യരാക്കുന്ന ക്രൂരതയാണ്. തീവ്രഹിന്ദുത്വവാദികള്‍ക്ക് ഏറെ ഗുണകരമാണ് ഈ നിലപാട്. കേരളത്തില്‍ ഇത്തരക്കാര്‍ക്ക് പൊതുചര്‍ച്ചകളില്‍ സജീവമായി ഇടപെടാന്‍ അവസരമുണ്ടായത് ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച പൊതു ചര്‍ചകളിലാണ്. അന്ന് രൂപമെടുത്ത 'റെഡി ടു വെയ്റ്റ്' എന്ന പ്രചരണത്തില്‍ കാര്യമായി പങ്കെടുത്ത പലരും ഇത്തരക്കാരായിരുന്നു. അതിന്‍റെ മുഖ്യപ്രചാരകര്‍ ഹിന്ദുമതം എന്ന പേരില്‍ അവതരിപ്പിച്ച ചിത്രം അധികവും ഹിന്ദു മത പ്രിയരായ ചില യൂറോപ്യന്‍ ലേഖകര്‍ സൃഷ്ടിച്ചിട്ടുള്ള വെള്ളപൂശിയതും ഇവിടുത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ അകന്നതുമായ വ്യവഹാരത്തെയാണ് ആശ്രയിച്ചത്. ഒന്നാം ലോകരാജ്യങ്ങളില്‍ ധനവും വിദ്യയും മറ്റും ഏറെ നേടിയെങ്കിലും ഇന്നും തവിട്ടുതൊലിക്കാരെന്ന് പരിഹസിക്കപ്പെടുന്ന സമ്ബന്ന ഇന്ത്യാക്കാര്‍ക്ക് ഈ വെള്ളപൂശിയ ചിത്രം പൊള്ളയെങ്കിലും വലുതായ ആത്മാഭിമാനം നല്‍കുന്നു. ഇന്ത്യയിലെ, ഇന്നത്തെ ഹിന്ദു സമൂഹത്തിലെ, യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടനുഭവിക്കുന്നവരല്ല ഇവരില്‍ അധികം പേരും - നാട്ടില്‍ ജീവിച്ച കാലത്തു തന്നെയും സമൂഹത്തിലെ പൊതുകാര്യങ്ങളില്‍ നിന്നും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മിക്കവാറും അകന്ന്, സ്വന്തം മത-ജാതി-കുടുംബ വൃത്തങ്ങളില്‍ ഒതുങ്ങി ജീവിച്ചവരാണ് ഇവരില്‍ നല്ലൊരു പങ്കും. അങ്ങനെയുള്ളവര്‍ക്ക് യൂറോപ്യന്‍ ലേഖകര്‍ കെട്ടിയുണ്ടാക്കുന്ന സാങ്കല്പിക സുന്ദര ഹിന്ദു മതത്തെ പിടിച്ചാണയിടാന്‍ മടി തോന്നാത്തത് അത്ഭുതകരമല്ല. ഇന്ത്യയില്‍ ഹിന്ദു വിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന കൊള്ളരുതായ്കകളെയും കൊടും ക്രൂരതകളെയും പോലും ഇവര്‍ ഹിന്ദു മത വൈരികള്‍ മെനഞ്ഞുണ്ടാക്കുന്ന അസത്യങ്ങളായി തള്ളിക്കളയുകയും ചെയ്യും. ആദ്യം പറഞ്ഞതിന് നല്ലൊരുദാഹരണം ശബരിമലയിലെ യുവതീ പ്രവേശന വിവാദത്തിനിടയില്‍ ഫേസ്ബുക്കില്‍ ഹീനമായ വര്‍ഗീയവും വംശീയവുമായ വിഷം നിത്യമെന്നോണം ചീറ്റിയിരുന്ന ഒരു സ്ത്രീയാണ്. ഗള്‍ഫ് രാജ്യങ്ങളിലൊന്നില്‍ സമ്ബന്നനായ ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്ന ഈ യുവതി കേരളത്തിലെ ഒരു എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഉടന്‍ വിവാഹിതയായി, വീട്ടമ്മയായി ഗള്‍ഫില്‍ താമസം തുടങ്ങി. സര്‍ക്കാരുദ്യോഗസ്ഥയായ അവരുടെ അമ്മയോട് സാങ്കേതികവിദ്യാഭ്യാസം നേടിയ മകള്‍ക്ക് തൊഴിലെടുക്കാന്‍ താത്പര്യമില്ലേ എന്നു ചോദിച്ചപ്പോള്‍ തനിക്ക് യാതൊന്നും വേണ്ട, ദേശസേവനം മാത്രം മതി എന്നാണ് അവരുടെ നിലപാടെന്ന് ആ സ്ത്രീ അല്പം അഭിമാനത്തോടെ പറഞ്ഞു. വിദ്യാഭ്യാസ കാലത്തോ അതിനു ശേഷമോ യാതൊരു പൊതുകാര്യങ്ങളിലും താത്പര്യമെടുക്കാത്ത ഈ വ്യക്തി തന്‍റെ ജാതി മതക്കാരുടെ മാത്രം വശം കേട്ട്, അവരുടെ മാത്രം വാദങ്ങള്‍ക്ക് ചെവികൊടുത്ത്, അതാണ് ദേശീയവികാരം എന്നു തെറ്റിദ്ധരിച്ച്‌, മറ്റു മതക്കാരെ നാറുന്ന ചീത്ത വിളിക്കുന്നതാണ് ദേശ സേവനമെന്ന് കരുതിപ്പുറപ്പെടുന്നത് ദേശസ്നേഹത്തിന്‍റെ പ്രകടനമായി സര്‍ക്കാരുദ്യോഗം ഭരിക്കുന്ന അമ്മ കരുതുന്നു. എന്നാല്‍ ഇവിടുത്തെ പൊതുമുതല്‍ കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട പൊതുവിദ്യാഭ്യാസവ്യവസ്ഥയുടെ ഗുണംപറ്റി നേടിയ സാങ്കേതിക കഴിവുകളെ നാടിനു വേണ്ടി ഉപയോഗിക്കുന്നതിനു പകരം തൊഴിലെടുക്കേണ്ടാത്ത ധനിക പ്രവാസജീവിതം നയിക്കുന്നത് ദേശസ്നേഹമില്ലായ്മ ആകുന്നുമില്ല! രണ്ടാമത്തെ പ്രതികരണത്തിന് ഉദാഹരണം 'ഹൗഡി മോദി' എന്ന പരിപാടിയ്ക്കിടെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനോട് മോഡിയെ വാനോളം പുകഴ്ത്തി സംസാരിച്ച ത്രിഷാ ഗുഡുരു എന്ന സ്ത്രീയാണ്. പത്തു വയസ്സു മുതല്‍ അമേരിക്കയില്‍ ജീവിച്ചു വരുന്ന അവര്‍ മോദിയുടെ കടുത്ത ആരാധികയാണത്രെ. കാരണമോ, അദ്ദേഹം സ്ത്രീ ശാക്തീകരണത്തില്‍ കാണിക്കുന്ന താത്പര്യം! ഗുഡുരു എന്ന സ്ത്രീ അമേരിക്കയില്‍ ജീവിച്ച്‌ അവിടുത്തെ ഫെമിനിസ്റ്റ്-സിവില്‍ അവകാശസമരങ്ങള്‍ നേടിയെടുത്ത സ്വാതന്ത്ര്യങ്ങള്‍ അനുഭവിച്ച്‌ സ്വന്തം ജീവിതം കെട്ടിപ്പടുത്ത വ്യക്തിയാണ്. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ സൃഷ്ടിക്കുന്ന സ്ത്രീ വിരുദ്ധതയുടെ നേരനുഭവം ഇല്ലെങ്കില്‍പ്പോലും സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും അളക്കുന്ന അന്താരാഷ്ട്ര സൂചികകളില്‍ ഇന്ത്യയുടെ സ്ഥാനം എങ്ങനെ മാറിയിരിക്കുന്നു എന്നെങ്കിലും അവര്‍ക്കു നോക്കാമായിരുന്നു. മോദി ഭക്തി അമേരിക്കയിലെ സ്വന്തം കീഴ്നിലയെ പരിഹരിക്കാനാണ് അവരും കൂട്ടരും നോക്കുന്നതെങ്കില്‍ വസ്തുതാപരമായ അന്വേഷണം തന്നെ അപ്രസക്തമാകുന്നു. എങ്കിലും ഗുഡുരുവിനോടും അവരെപ്പോലെ മോദി ഭക്തിയില്‍ ആറാടിക്കൊണ്ടിരിക്കുന്ന മറ്റു പ്രവാസികളായ പണക്കാരികളോടും ഒരു വാക്ക് - എന്തായാലും വേണ്ടീല്ല, നാട്ടിലേക്കു സ്ഥിരതാമസമാകരുത്. സ്ത്രീശാക്തീകരണത്തെ മുസ്ലിം പുരുഷദ്രോഹമായി വ്യാഖ്യാനിക്കുക, സ്ത്രീകള്‍ പ്രഥമവും പ്രധാനവുമായി വീട്ടമ്മകളാക്കുന്ന വിധത്തിലുള്ള ക്ഷേമപരിപാടികള്‍ക്കു മുന്തിയ പ്രാധാന്യം നല്‍കുക, ദലിത്-ആദിവാസി-മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചുവരുന്ന അരക്ഷിതാസ്ഥകളെയും ഹിംസയെയും കണ്ടില്ലെന്നു നടിക്കുക, കഴിവുറ്റ ഒരു വനിതയെ വിദേശകാര്യ മന്ത്രിയായ നിയമിച്ച ശേഷം കാര്യമായ ഒരൊറ്റ വിദേശകാര്യ തീരുമാനം പോലും എടുക്കാന്‍ അവരെ അനുവദിക്കാതിരിക്കുക (അതു കൊണ്ടാണ് പ്രവാസികളായ തൊഴിലാളികള്‍ക്ക് ചരിത്രത്തിലാദ്യമായി അല്പം ശ്രദ്ധ കിട്ടിയതെന്നു വാസ്തവം), നിയമസഭയില്‍ എതിരാളികളായ സ്ത്രീകളോട് മോശമായി സംസാരിക്കുക, ഹിന്ദുത്വവാദി പുരുഷന്മാരുടെ ലൈംഗിക അതിക്രമങ്ങളെ അധികവും അവഗണിക്കുക. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ നമ്മുടെ പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണ' കൗതുകത്തിന്റെ കണക്കെടുത്താല്‍ പട്ടിക ഇനിയും ഏറെ നീളും. വളരെത്താമസിയാതെ ഈ 'സ്ത്രീശാക്തീകരണം' നിങ്ങളിലേക്കും എത്തും. കാരണം ഹിന്ദുത്വവാദികളുടെ കണക്കില്‍ സ്ത്രീ ശാക്തീകരണമെന്നാല്‍ ഹിന്ദു പിതൃമേധാവിത്വത്തിനു പൂര്‍ണമായും കീഴ്പ്പെടുക എന്നാണര്‍ത്ഥം. Courtsey: The New Indian Express

Related News