Loading ...

Home India

ഇന്ത്യയുമായുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കും: ഭീകരവാദത്തെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കും സൗദി അറേബ്യ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് സൗദി അറേബ്യ. ഭീകരതയ്‌ക്കെതിരെ ഇന്ത്യയും സൗദി അറേബ്യയും ഇതിനോടകം തന്നെ പരസ്പരം സഹകരിക്കുന്നുണ്ടെന്ന് സൗദി അംബാസഡര്‍ ഡോ.സഹദ് ബിന്‍ മുഹമ്മദ് അല്‍ സതി പറഞ്ഞു. ഭീകരവാദത്തെ രാജ്യത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള പ്രചാരണത്തില്‍ സൗദി അറേബ്യ ഇന്ത്യയുമായി ഒരുമിച്ചു നില്‍ക്കും . വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ എല്ലാ സഹകരണവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ സൗദിയുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നും തന്ത്രപരമായ പല പദ്ധതികളിലും ഇന്ത്യയുമായുള്ള പങ്കാളിത്തം വിലമതിക്കാത്തതാണെന്നും സൗദി വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ഇരുരാജ്യങ്ങളും സുരക്ഷാ രംഗത്ത് ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഭീകരവാദ ധനസഹായം, ഭീകരവാദ പ്രവര്‍ത്തനം എന്നിവയ്ക്കെതിരായ ആഗോള പ്രചാരണത്തിന് സൗദി അറേബ്യ നേതൃത്വം നല്‍കുന്നുണ്ട്. ഐസിസിനെ പ്രതിരോധിക്കാനുള്ള 68 രാജ്യങ്ങളുടെ ശക്തമായ ആഗോള സഖ്യത്തിന്റെ സ്ഥാപക അംഗവും, സ്ഥാപക രാജ്യങ്ങളിലൊന്നുമാണ് സൗദി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം കുതിച്ചുയരുകയാണ്. 2016 ല്‍ പ്രധാനമന്ത്രി മോദിയുടെ റിയാദ് സന്ദര്‍ശനത്തിലൂടെ ഉഭയകക്ഷി ബന്ധം പുതിയ പാതയിലേക്ക് നയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സമഗ്രമായ സുരക്ഷാ ചര്‍ച്ചകള്‍ നടത്താനും ഭീകരവാദ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ഭീകരവാദത്തിനെതിരെ സംയുക്ത പ്രവര്‍ത്തക സംഘം രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ സൗദി അറേബ്യയില്‍ 2.96 ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

Related News