Loading ...

Home Kerala

മോട്ടോര്‍ വാഹന നിയമ ഭേദഗതി ; പിഴത്തുക കുറച്ച്‌ വിജ്ഞാപനം ഉടന്‍

കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പിഴ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഗതാഗതവകുപ്പ്‌ പുനര്‍വിജ്ഞാപനമിറക്കും. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അനുമതിയോടെയാകും പുനര്‍വിജ്ഞാപനമിറക്കുക. പിഴത്തുക പുനര്‍നിശ്ചയിച്ച്‌ നിയമവകുപ്പിന്റെ അംഗീകാരം വാങ്ങിയശേഷം ഗതാഗതവകുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിക്കും. നിയമലംഘനങ്ങള്‍ക്ക്‌ ഭീമമായ പിഴത്തുക നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക കുറയ്‌ക്കാന്‍ കേരളം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഏഴ്‌ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്‌ക്കാനാണ്‌ നിലവില്‍ തീരുമാനം. എത്ര രൂപയാണ്‌ കുറയ്‌ക്കേണ്ടതെന്ന്‌ ഗതാഗതവകുപ്പ്‌ തീരുമാനിച്ച്‌ നിയമവകുപ്പിന്റെ അംഗീകാരം വാങ്ങും. അധികൃതര്‍ ആവശ്യപ്പെടുമ്ബോള്‍ കൃത്യമായ രേഖ നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ലൈസന്‍സില്ലാത്ത കണ്ടക്ടര്‍ ജോലി, ട്രാഫിക്‌ അധികൃതരുടെ നിര്‍ദേശം അവഗണിക്കുക, മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടായിരിക്കെ അപകടകരമായി വാഹനമോടിക്കുക, വായു--ശബ്ദമലിനീകരണമുണ്ടാക്കുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതിരിക്കുക, ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക തുടങ്ങിയ പൊതുവിഭാഗത്തിലുള്ള നിയമലംഘനങ്ങളുടെ പിഴയാണ്‌ കുറയ്‌ക്കുക. കേന്ദ്രനിയമത്തില്‍ നിശ്ചിത തുകയിട്ടിട്ടുള്ള നിയമലംഘനങ്ങളുടെ പിഴത്തുക കുറയ്‌ക്കാനാകുമോ എന്നതും പരിശോധിക്കുന്നു. പുനര്‍വിജ്ഞാപനം വരുന്നതുവരെ ഉയര്‍ന്ന പിഴത്തുക ഈടാക്കില്ല. നിലവില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിക്ക്‌ കൈമാറുകയാണ്‌. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനം പലവട്ടം കേന്ദ്ര സര്‍ക്കാരിന്‌ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

Related News