Loading ...

Home Gulf

ഇസ്രയേല്‍: പ്രസിഡന്റ്‌ കൂടിക്കാഴ്‌ച തുടങ്ങി

ജെറുസലേം> ഇസ്രയേല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ ആരെ ക്ഷണിക്കണമെന്ന്‌ തീരുമാനിക്കാന്‍ പ്രസിഡന്റ്‌ റ്യൂവെന്‍ റിവ്‌ലിന്‍ വിവിധ കക്ഷികളുമായി കൂടിക്കാഴ്‌ച ആരംഭിച്ചു. അഞ്ചു മാസം മുമ്ബുനടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നത്‌.രണ്ടു ദിവസത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രസിഡന്റ്‌ വിളിക്കുന്നയാള്‍ക്ക്‌ ഭരിക്കാന്‍ ആവശ്യമായ സഖ്യമുണ്ടാക്കുന്നതിന്‌ ആറാഴ്‌ച ലഭിക്കും. ആ സമയത്തിനകം സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ്‌ മറ്റൊരാളെ വിളിക്കും. അയാള്‍ക്ക്‌ ഭൂരിപക്ഷമുറപ്പിക്കാന്‍ 28 ദിവസം ലഭിക്കും. ആ ശ്രമവും പരാജയപ്പെട്ടാല്‍ മൂന്നാമതും തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവരും.

120 അംഗ നെസ്റ്റിലേക്ക്‌ 18നു നടന്ന പുനര്‍തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാര്‍ടിക്ക്‌ 31 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. വലതുപക്ഷ മത യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണ ചേര്‍ത്താലും 55 സീറ്റേ ഉള്ളൂ. മധ്യപക്ഷ കക്ഷിയായ ബ്ലൂ ആന്‍ഡ്‌ വൈറ്റിനാണ്‌ (33) ഏറ്റവും കൂടുതല്‍ സീറ്റ്‌. അതിന്റെ നേതാവായ മുന്‍ സേനാ നായകന്‍ ബെന്നി ഗാന്റ്‌സ്‌ മന്ത്രിസഭയുണ്ടാക്കാന്‍ രംഗത്തുണ്ട്‌. തന്നോടൊപ്പം ചേരണമെന്ന നെതന്യാഹുവിന്റെ ക്ഷണം ഗാന്റ്‌സ്‌ തള്ളിയിരുന്നു.

നെതന്യാഹു അഴിമതിക്കേസുകളില്‍ കുറ്റം ചുമത്തപ്പെടാന്‍ ഇടയുള്ളതിനാല്‍ അദ്ദേഹത്തിന്‌ സഖ്യത്തിനു പുറത്തുള്ള കക്ഷികളുടെ പിന്തുണ
ലഭിക്കില്ലെന്നാണ്‌ സൂചന. ഏപ്രിലിലെ തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ പ്രസിഡന്റ്‌ നെതന്യാഹുവിനെ ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കാനാകാത്തതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു.

Related News