Loading ...

Home National

എല്ലാ തൊഴിലാളികള്‍ക്കും പിഎഫ്‌, ഇഎസ്‌ഐ ഇല്ല

ന്യൂഡല്‍ഹി > അസംഘടിത തൊഴിലാളികളടക്കം രാജ്യത്ത്‌ തൊഴിലെടുക്കുന്നവര്‍ക്കെല്ലാം പിഎഫും ഇഎസ്‌ഐയുമെന്ന വാഗ്‌ദാനത്തില്‍നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി. കേന്ദ്ര തൊഴില്‍മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ കരട്‌ സാമൂഹ്യസുരക്ഷാ ചട്ടത്തില്‍ പിഎഫും ഇഎസ്‌ഐയും അടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ സാര്‍വത്രികമാക്കുമെന്ന നിര്‍ദേശം എടുത്തുകളഞ്ഞു. പിഎഫ്‌, ഇഎസ്‌ഐ പദ്ധതികളുടെ കാര്യത്തില്‍ നിലവിലെ മാനദണ്ഡം തുടരാനാണ്‌ കരടുചട്ടം നിര്‍ദേശിക്കുന്നത്‌. സാമ്ബത്തികമാന്ദ്യത്തിന്റെ പേരിലാണ്‌ മോഡി സര്‍ക്കാരിന്റെ പിന്മാറ്റം.

എട്ട്‌ തൊഴില്‍നിയമങ്ങള്‍ ലയിപ്പിച്ചുള്ള സാമൂഹ്യസുരക്ഷാ ചട്ടത്തിന്റെ മൂന്നാമത്‌ കരടാണ്‌ തൊഴില്‍മന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായരൂപീകരണത്തിനായി പ്രസിദ്ധപ്പെടുത്തിയത്‌. 2017 ഏപ്രിലില്‍ പുറത്തുവിട്ട ആദ്യകരടില്‍ എല്ലാ തൊഴിലാളികള്‍ക്കും പിഎഫ്‌, ഇഎസ്‌ഐ ആനുകൂല്യമെന്ന നിര്‍ദേശമുണ്ടായിരുന്നു. 2018 മാര്‍ച്ചില്‍ പുറത്തുവിട്ട രണ്ടാം കരടില്‍ സാര്‍വത്രിക സാമൂഹ്യസുരക്ഷ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന നിര്‍ദേശം ഭേദഗതിചെയ്‌തു.

ഇപ്പോള്‍ പുറത്തുവിട്ട മൂന്നാംകരടിലാകട്ടെ പിഎഫ്‌, ഇഎസ്‌ഐ തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക്‌ നിലവിലെ മാനദണ്ഡംതന്നെ തുടരുമെന്നാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ഇരുപതും അതില്‍ കൂടുതല്‍ തൊഴിലാളികളുമുള്ള സ്ഥാപനങ്ങള്‍ക്കാണ്‌ നിലവില്‍ പിഎഫ്‌ ബാധകം. ഇഎസ്‌ഐ പത്തും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ്‌ ബാധകം. പിഎഫും ഇഎസ്‌ഐയും സാര്‍വത്രികമാക്കിയിരുന്നെങ്കില്‍ ഒരു തൊഴിലാളിയുള്ള സ്ഥാപനത്തിലും ആനുകൂല്യം ലഭിക്കുമായിരുന്നു.

രാജ്യം കടുത്ത സാമ്ബത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ സാര്‍വത്രിക സാമൂഹ്യസുരക്ഷയെന്ന ആശയം പ്രാവര്‍ത്തികമല്ലെന്നാണ്‌ മോഡി സര്‍ക്കാരിന്റെ നിലപാട്‌. പിഎഫും ഇഎസ്‌ഐയും മറ്റും സാര്‍വത്രികമാക്കിയാല്‍ ചെറുകിട സ്ഥാപനങ്ങള്‍ സാമ്ബത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്ന്‌ തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ചെറുകിടസ്ഥാപനങ്ങള്‍ പ്രയാസത്തിലാണ്‌. തൊഴിലാളികള്‍ക്ക്‌ പിഎഫ്‌ അനുവദിക്കുന്നതിന്റെയും മറ്റും അധികബാധ്യതകൂടി വന്നാല്‍ നിലനല്‍ക്കാന്‍ ബുദ്ധിമുട്ടും-- തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

സാമൂഹ്യസുരക്ഷാ പദ്ധതികള്‍ സാര്‍വത്രികമാക്കിയാല്‍ രാജ്യത്തെ 45 കോടിയോളം തൊഴിലാളികള്‍ക്ക്‌ പ്രയോജനപ്പെടുമായിരുന്നു. നിലവിലുള്ള മാനദണ്ഡത്തില്‍ ഇത്‌ നാലരക്കോടി തൊഴിലാളികള്‍ക്കുമാത്രമാണ്‌. ഇപിഎഫ്‌ഒ, ഇഎസ്‌ഐ കോര്‍പറേഷന്‍ എന്നിവ പൊതുകോര്‍പറേറ്റ്‌ ബോര്‍ഡിനു കീഴിലാക്കാന്‍ നിര്‍ദേശിക്കുന്നതാണ്‌ കരട്‌ സാമൂഹ്യസുരക്ഷാ ചട്ടം.

Related News