Loading ...

Home National

ബാങ്കുകള്‍ കൂടുതല്‍ വായ്‌പ നല്‍കണം: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി
എല്ലാ മേഖലകളിലും കൂടുതല്‍ വായ്‌പകള്‍ അനുവദിക്കാന്‍ ബാങ്കുകളോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്ക്‌ കൂടുതല്‍ സഹായം നല്‍കണം. ഇത്തരം സംരംഭകര്‍ തിരിച്ചടവില്‍ വീഴ്‌ച്ച വരുത്തി മൂന്ന്‌മാസം പിന്നിട്ടാലും കിട്ടാക്കടമായി പ്രഖ്യാപിച്ച്‌ തുടര്‍നടപടി സ്വീകരിക്കരുത്‌.
2020 മാര്‍ച്ച്‌ 31 വരെയെങ്കിലും സാവകാശം നല്‍കണം. ബാങ്കുകളും മറ്റ്‌ ധനകാര്യസ്ഥാപനങ്ങളും വായ്‌പാമേളകള്‍ സംഘടിപ്പിക്കുമെന്നും പൊതുമേഖലാബാങ്കുകളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം മന്ത്രി പറഞ്ഞു. 400 ഓളം ജില്ലകളിലാണ്‌ വായ്‌പാമേള സംഘടിപ്പിക്കുക. 24 മുതല്‍ 29 വരെ 200 ജില്ലകളിലും ഒക്ടോബര്‍ 10 മുതല്‍ 15 വരെ ബാക്കി ജില്ലകളിലുമാണ്‌ മേള. പണലഭ്യതയെ കുറിച്ചും ബാങ്കുകളുടെ ലയനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു. പണലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ ചെറിയരീതിയില്ലെങ്കിലും മാന്ദ്യത്തില്‍ നിന്ന്‌ കരകയറാനാകുകയുള്ളൂ എന്ന നിഗമനത്തിലാണ്‌ കൂടുതല്‍ വായ്‌പ അനുവദിക്കുന്നത്‌.

Related News