Loading ...

Home India

കശ്മീര്‍; പാകിസ്ഥാന് എതിരെ ഇന്ന് യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ എതിര്‍വാദം ഉന്നയിക്കും

സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ നേരത്തെ നിലപാടെടുത്തിരുന്ന. കശ്മീര്‍ വിഷയത്തില്‍ യുഎന്‍‌ മനുഷ്യാവകാശ സമിതിയില്‍ പാകിസ്ഥാന്‍ "കൃത്യമായി" സംസാരിക്കുമെന്ന് തിങ്കളാഴ്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ട്വീറ്റ് ചെയ്തിരുന്നു. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റിന്റെ അഭിപ്രായവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്ത ഇന്ത്യയുമായുള്ള ബന്ധം തരംതാഴ്ത്താനുള്ള അഞ്ച് പോയിന്റ് പദ്ധതിയുടെ ഭാഗമായി പാകിസ്ഥാന്‍ പുറത്താക്കിയ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഈസ്റ്റ് സെക്രട്ടറി വിജയ് താക്കൂര്‍ സിംഗുമാണ് യു.എന്നില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്ത്യ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ വന്‍ ലംഘനമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് യു.എന്നില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ ജമ്മു കശ്മീരിലെ മാറ്റങ്ങള്‍ ആഭ്യന്തര കാര്യമാണെന്ന് സമ്മതിച്ചു കൊണ്ട് ഇന്ത്യക്ക് അനുകൂലമായ നിലപാടെടുത്തിരുന്നു. അതേസമയം, "ആശയവിനിമയത്തിനും, ഇന്റര്‍നെറ്റ് സേവനത്തിനും, സമാധാനപരമായ സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങള്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടങ്കലില്‍ വെയ്ക്കല്‍ എന്നിവയുള്‍പ്പെടെ അടുത്തിടെ കശ്മീരികളുടെ മനുഷ്യാവകാശങ്ങളില്‍ കടന്നുകയറ്റം നടത്തിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ വളരെയധികം ആശങ്കപ്പെടുന്നു," എന്ന് ഇന്നലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാമത് സെഷനില്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പു വരുത്താന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സര്‍ക്കാരുകളോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും, കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കര്‍ഫ്യൂകളും ലഘൂകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നു എന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു.

Related News