Loading ...

Home sports

ഒമാന്‍ കടന്ന് ഖത്തറിലെത്താന്‍ ഇന്ത്യ; ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗുവാഹത്തി: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത തേടി ഇന്ത്യ. ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ബി ഗ്രൂപ്പില്‍ റാങ്കിങ്ങില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഫിഫ ഫാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നിലുള്ള രാജ്യമാണ് ഒമാന്‍. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി നാട്ടിലും എതിര്‍ തട്ടകത്തിലുമായി രണ്ട്‌ മത്സരങ്ങള്‍ വീതമാണ് ഓരോ രാജ്യങ്ങളും കളിക്കുന്നത്. ഫിഫ റാങ്കിങ്ങില്‍ ഖത്തറും (62) ഒമാനുമാണ് (87) ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യ റാങ്കിങ്ങില്‍ 103-ാം സ്ഥാനത്താണ്. മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ രണ്ടാം സ്ഥാനക്കാരായാല്‍ പോലും ഇന്ത്യക്ക് സാധിക്കും. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ച ഖത്തര്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കു വേണ്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ പ്രധാനവെല്ലുവിളി ഒമാനും ഖത്തറും തന്നെയാണ്. ഇന്ത്യയുടെ റഷ്യന്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് തടയിട്ടതും ഒമാനായിരുന്നു. 2018 റഷ്യന്‍ ലോകപ്പിനുള്ള യോഗ്യതാ റൗണ്ടിലും ഒമാന് ഒപ്പമായിരുന്നു ഇന്ത്യ. അന്ന് ബെംഗളൂരുവിലും മസ്കറ്റിലുമായി നടന്ന രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റു. കണക്കിലും മുന്നില്‍ ഒമാന്‍ തന്നെ. ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്ക് ജയിക്കാനായത് ഒരു തവണ മാത്രം. 2018ല്‍ അബുദാബിയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും ഒടുവിലായി ഏറ്റുമുട്ടിയത്. അന്ന് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യന്‍ സംഘം ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ സാനിധ്യം. ഡിഫന്‍ഡര്‍ അനസ് എടത്തൊടിക, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ്, വിങര്‍ ആഷിഖ് കുരുണിയന്‍ എന്നിവര്‍ നീലകുപ്പായത്തില്‍ ഇന്ന് കളിച്ചേക്കും. 4-2-3-1 ശൈലിയിലായിരിക്കും ഇന്ത്യ ഇറങ്ങുക.

Related News