Loading ...

Home sports

റോഡ് ടു ഖത്തര്‍; ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരേ

ഗുവാഹട്ടി: വലിയ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക് ഇവിടെ തുടക്കമാകുന്നു. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലേക്ക് യോഗ്യത ലക്ഷ്യമിട്ട എ.എഫ്.സി. രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിന് ഇന്ത്യ വ്യാഴാഴ്ച കളത്തില്‍. ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് ഇന്ത്യയ്ക്ക് എതിരാളി. രാത്രി 7.30 മുതലാണ് പോരാട്ടം. ഇ ഗ്രൂപ്പ് അഞ്ച് ടീമുകളാണ് ഓരോ ഗ്രൂപ്പിലും. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറും ഒമാനുമാണ് ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ കനത്ത വെല്ലുവിളിയുയര്‍ത്തുക. ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ഇ ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകള്‍. ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കും. രണ്ടാം റൗണ്ടിലെ മികച്ച നാല് രണ്ടാംസ്ഥാനക്കാരും അടുത്തറൗണ്ടിലേക്ക് മുന്നേറും. സ്റ്റിമാച്ച്‌ ഇഫക്‌ട് ക്രൊയേഷ്യക്കാരനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ അഞ്ചു മത്സരം കളിച്ച ഇന്ത്യയ്ക്ക് മൂന്നിലും തോല്‍വിയായിരുന്നു. ഒരു തവണ ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ കുരുങ്ങി. എന്നാല്‍, സ്റ്റിമാച്ചിന്റെ ശൈലി ടീമിന് ഉണര്‍വുനല്‍കിയിട്ടുണ്ട്. ഒമാന്‍ നിര്‍ണായകം ഏഷ്യന്‍ ചാമ്ബ്യന്‍മാരായ ഖത്തര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളതുകൊണ്ടുതന്നെ ഒമാനെതിരായ പോരാട്ടം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഒമാനെതിരേ മികച്ച ഫലം കൈവരിക്കുകയും ദുര്‍ബലരായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്തറൗണ്ടിലേക്ക് മുന്നേറാനാവുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ഒമാന്‍. 87-ാം സ്ഥാനത്താണ് അവര്‍. ഇന്ത്യ 103-ാം സ്ഥാനത്തും. ഏഷ്യ കപ്പിനുമുമ്ബ് സൗഹൃദമത്സരത്തില്‍ ഒമാനെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ടീം 4-2-3-1 ശൈലിയിലാവും ഇന്ത്യ കളിക്കുക. സന്ദേശ് ജിംഗാന്‍, രാഹുല്‍ ഭേക്കെ, പ്രിതം കോട്ടല്‍, സുഭാശിഷ് ബോസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍. അനിരുദ്ധ് ഥാപ്പയും റൗളിന്‍ ബോര്‍ജസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലിറങ്ങും. ഉദാന്ത സിങ്, ലാലിന്‍സുവല്‍ ചാങ്തെ, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ മധ്യനിരയില്‍ കളിക്കും. സുനില്‍ ഛേത്രി ഏക സ്ട്രൈക്കറാകും. ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍പോസ്റ്റിന് കാവല്‍നില്‍ക്കും. എര്‍വിന്‍ കോമാനെന്ന പുതിയ പരിശീലകന്റെ കീഴിലാണ് ഒമാന്‍ വരുന്നത്. 4-4-2 ശൈലിയിലാവും ഒമാന്‍ കളത്തിലിറങ്ങുക. അഹമ്മദ് മുബാറക്ക്, അബ്ദുല്‍ അസീസ് അല്‍ മുഖ്ബലി, യാസിന്‍ അല്‍ ഷെയാദി, സാലെ റബ്ബോ എന്നിവരിലാണ് ഒമാന്റെ പ്രതീക്ഷ. ഇന്ത്യയും ഒമാനും തമ്മില്‍ ഇതുവരെ ഏഴുതവണ ഏറ്റുമുട്ടി. ഒരിക്കല്‍ മാത്രം ഇന്ത്യ ജയിച്ചു. നാലുതവണ തോറ്റു. രണ്ടുമത്സരം സമനിലയില്‍ പിരിഞ്ഞു. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോള്‍. ഖത്തറിന്റെ പൈതൃകവും ദേശീയപതാകയുടെ നിറവുമുള്ളതാണ് ലോഗോ. തണുപ്പുകാലത്ത് രാജ്യത്തെ ജനങ്ങള്‍ പുതയ്ക്കുന്ന നീളമുള്ള ഷാളിനോട് സാമ്യമുള്ളതാണ് ലോഗോ. എട്ടിന്റെ ആകൃതിയിലുള്ള ലോഗോ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളെ പ്രതിനിധാനംചെയ്യുന്നു. 2022 നവംബര്‍ 21-ന് ലോകകപ്പ് തുടങ്ങും. ദേശീയദിനമായ ഡിസംബര്‍ 18-നാണ് ഫൈനല്‍.

Related News