Loading ...

Home Education

ജെഇഇ മെയിന്‍ 2020: പരീക്ഷയ്ക്ക് മൂന്നുപേപ്പര്‍, ചോദ്യരീതിയില്‍ മാറ്റങ്ങള്‍

നിരവധി ദേശീയതലസ്ഥാപനങ്ങളിലെ എന്‍ജിനിയറിങ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) ആദ്യത്തേത് ജനുവരി ആറുമുതല്‍ 11 വരെ നടക്കും. ഒരു പ്രവേശനവര്‍ഷത്തേക്ക്‌ രണ്ടുതവണയാണ് ജെ.ഇ.ഇ.മെയിന്‍ നടത്തുന്നത്. ആദ്യത്തേതിന്റെ വിജ്ഞാപനമാണ്, എന്‍.ടി.എ. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഐ.ഐ.ടി., എന്‍.ഐ.ടി. 31 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), 25 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തെട്ടില്‍പ്പരം സാങ്കേതികസ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.) എന്നിവയിലെ പ്രവേശനത്തിനാണ് മുഖ്യമായും ജെ.ഇ.ഇ.മെയിന്‍. അതോടൊപ്പം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹരാകുന്നവരെ കണ്ടെത്തുന്ന ഒരു സ്‌ക്രീനിങ് പരീക്ഷകൂടിയാണ് ജെ.ഇ.ഇ. മെയിന്‍ ബി.ഇ./ബി.ടെക.് പ്രവേശനപരീക്ഷ. പരീക്ഷയും ചോദ്യഘടനയും 2020-ലെ ജെ.ഇ.ഇ. പേപ്പര്‍, ചോദ്യഘടന എന്നിവയില്‍ മാറ്റങ്ങള്‍വരുത്തിയിട്ടുണ്ട്. പേപ്പറുകള്‍: പരീക്ഷയ്ക്ക് ഇനിമുതല്‍ മൂന്നുപേപ്പറുണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങള്‍ക്കുള്ളതാണ് അവ. പ്രവേശനപദ്ധതിയനുസരിച്ച്‌ ഒരാള്‍ക്ക് ഒന്നോ കൂടുതലോ പേപ്പറുകള്‍ അഭിമുഖീകരിക്കാം. പരീക്ഷാഘടന *ബി.ഇ./ബി.ടെക്., പേപ്പറില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ വിഷയങ്ങളില്‍നിന്ന്‌ 25 വീതം ചോദ്യങ്ങളുണ്ടാകും. ഇതില്‍ 20 എണ്ണം ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും അഞ്ചെണ്ണം, ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ് ചോദ്യങ്ങളുമാകും. പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍, രണ്ടുഷിഫ്ടില്‍ നടത്തും. ആദ്യത്തേത് രാവിലെ 9.30 മുതല്‍ 12.30 വരെ. രണ്ടാമത്തേത് ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ. (സയന്‍സ് കോഴ്‌സുകളിലെ പ്രവേശനത്തിനും ഈ പേപ്പറിലെ റാങ്ക് ബാധകമാണ്) *ബി.ആര്‍ക്ക്. പേപ്പറിന് മൂന്നുഭാഗമുണ്ടാകും. ആദ്യഭാഗത്ത് മാത്തമാറ്റിക്സില്‍നിന്ന്‌ 25 ചോദ്യവും (20 മള്‍ട്ടിപ്പിള്‍ ചോയ്‌സ്, അഞ്ച് ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പ്), രണ്ടാംഭാഗത്ത്, ആര്‍ക്കിടെക്ചര്‍ അഭിരുചി അളക്കുന്ന 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യവും. രണ്ടുഭാഗവും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍. മൂന്നാംഭാഗം ഡ്രോയിങ് ടെസ്റ്റാണ് (രണ്ട് ചോദ്യം). ചിത്രരചനാവൈഭവം അളക്കുന്ന പരീക്ഷയില്‍, ഹാളില്‍ നല്‍കുന്ന ഡ്രോയിങ് പേപ്പറിലാണ്, ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. ഈ ഭാഗം ഓഫ് ലൈന്‍ രീതിയില്‍ നടത്തും. മൂന്നുഭാഗവും ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. രണ്ടുഷിഫ്ടുണ്ടാകും (9.30-12.30, 2.30-5.30). *ബി.പ്ലാനിങ് പ്രവേശനപരീക്ഷയിലും മൂന്ന് ഭാഗമുണ്ടാകും. ആദ്യ രണ്ടുഭാഗങ്ങള്‍, ബി.ആര്‍ക്ക് പ്രവേശനപരീക്ഷയുടേതുതന്നെയായിരിക്കും (മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്). മൂന്നാംഭാഗം പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങള്‍ അടങ്ങുന്നതാണ്. ഇതില്‍ 25 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യമുണ്ടാകും. പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിതം. സമയം മൂന്നുമണിക്കൂര്‍. ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ. *ബി.ആര്‍ക്കിനും ബി.പ്ലാനിങ്ങിനും അപേക്ഷിക്കുന്നവര്‍ക്ക് പരീക്ഷ 2.30 മുതല്‍ ആറുമണിവരെയായിരിക്കും (ഇവര്‍ നാലുഭാഗങ്ങള്‍ക്ക് ഉത്തരം നല്‍കണം. മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ്, പ്ലാനിങ് അധിഷ്ഠിത ചോദ്യങ്ങള്‍). ഇവര്‍ ഉച്ചയ്ക്കുള്ള ഷിഫ്റ്റിലാണ് പരീക്ഷ അഭിമുഖീകരിക്കേണ്ടത്. സ്കോറിങ് രീതി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുടെ ശരിയുത്തരത്തിന്‌ നാലുമാര്‍ക്കുവീതം കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്കുവെച്ച്‌ നഷ്ടപ്പെടും. ന്യൂമറിക്കല്‍ ആന്‍സര്‍ ടൈപ്പില്‍ ശരിയുത്തരത്തിന് നാലുമാര്‍ക്ക്. ഉത്തരം തെറ്റിയാലും മാര്‍ക്ക് നഷ്ടപ്പെടില്ല. സിലബസ് പരീക്ഷയുടെ സിലബസ് https://jeemain.nta.nic.in ലും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും ലഭിക്കും. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ജെ.ഇ.ഇ. അസ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ താത്‌പര്യമുള്ളവര്‍ ജെ.ഇ.ഇ. മെയിനിന്റെ ഒന്നാം പേപ്പറാണ് ( ബി.ഇ./ബി.ടെക്.) അഭിമുഖീകരിക്കേണ്ടത്. ഐ.ഐ.ടി.യില്‍. ബി.ആര്‍ക്ക്., സയന്‍സ് കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോഴ്‌സിലും പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ.ഇ.ഇ. മെയിന്‍ ആദ്യപേപ്പര്‍ അഭിമുഖീകരിക്കണം. ഈ പേപ്പറിലെ സ്കോറിന്റെ അടിസ്ഥാനത്തില്‍, വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കേ (2019-ല്‍ 2,45,000 പേരെ അഡ്വാന്‍സ്ഡിന്‌ തിരഞ്ഞെടുത്തിരുന്നു) അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനാകൂ. പ്രവേശനയോഗ്യത അപേക്ഷാര്‍ഥി പ്ലസ്ടു/തത്തുല്യ പരീക്ഷ നിശ്ചിതവിഷയങ്ങള്‍ പഠിച്ച്‌ ജയിച്ചിരിക്കണം. ബി.ഇ./ബി.ടെക.് പ്രവേശനം തേടുന്നവര്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. മൂന്നാം വിഷയം, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം എന്നിവയിലൊന്നാകാം. ബി.ആര്‍ക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവര്‍ ബി.പ്ലാനിങ് പ്രവേശനത്തിന് അര്‍ഹരാണ്. കട്ട് ഓഫ് സ്കോര്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. യോഗ്യതാപരീക്ഷ 2018-ലോ 2019-ലോ ജയിച്ചവര്‍ക്കും 2020-ല്‍ അത് അഭിമുഖീകരിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്. യോഗ്യതാപരീക്ഷയില്‍ അഞ്ചുവിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. പ്രവേശനപരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കി കോഴ്‌സ് പ്രവേശനം നല്‍കും. പക്ഷേ, പ്രവേശനം കിട്ടാന്‍ തന്റെ ബോര്‍ഡിന്റെ യോഗ്യതാപരീക്ഷയില്‍, അപേക്ഷാര്‍ഥി, നിശ്ചിതമാര്‍ക്ക്/സ്ഥാനം നേടേണ്ടതുണ്ട്. യോഗ്യതാപരീക്ഷയിലെ അഞ്ച് വിഷയത്തിനുംകൂടി മൊത്തത്തില്‍ 75 ശതമാനം (പട്ടികവിഭാഗക്കാര്‍ക്ക് 65 ശതമാനം) മാര്‍ക്ക് നേടുകയോ തന്റെ ബോര്‍ഡിന്റെ യോഗ്യതാ പരീക്ഷയില്‍ മുന്നിലെത്തുന്നവരുടെ ഇരുപതാം പെര്‍സന്‍ടൈല്‍ കട്ട് ഓഫ് സ്കോര്‍ നേടുകയോ വേണം. പരീക്ഷാകേന്ദ്രങ്ങള്‍ രാജ്യത്തും വിദേശത്തും കേന്ദ്രങ്ങളുണ്ട്. പൂര്‍ണ പട്ടിക ബുള്ളറ്റിനില്‍ ലഭിക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍ ഇവയാണ്. ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍. അപേക്ഷ നല്‍കുമ്ബോള്‍ നാല് പരീക്ഷാകേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച്‌ തിരഞ്ഞെടുക്കാം. അപേക്ഷാഫീസ് രാജ്യത്തിനകത്ത് പരീക്ഷാകേന്ദ്രം: ഒരു പേപ്പര്‍മാത്രം ജനറല്‍/ജന. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി: ആണ്‍കുട്ടികള്‍ 650 രൂപ; പെണ്‍കുട്ടികള്‍/പട്ടിക വിഭാഗക്കാര്‍/ഭിന്നശേഷിക്കാര്‍/ട്രാന്‍സ്ജന്‍ഡര്‍ 325 രൂപ. രണ്ട്/മൂന്ന് പേപ്പര്‍: 1300/650 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം: ഒരു പേപ്പര്‍ 3000/1500 രൂപ; രണ്ട്/മൂന്ന് പേപ്പര്‍ 6000/3000 രൂപ. അപേക്ഷ ആദ്യ പരീക്ഷയ്ക്കുള്ള അപേക്ഷ https://jeemain.nta.nic.in വഴി സെപ്തംബര്‍ 30 രാത്രി 11.50 വരെ നല്‍കാം. അപേക്ഷാഫീസ് ഒക്ടോബര്‍ ഒന്ന് രാത്രി 11.50-നകം ഓണ്‍ലൈനായി അടയ്ക്കണം. െക്രഡിറ്റ്/െഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്‌, യു.പി.ഐ., പേ ടി.എം. സര്‍വീസ് വഴി തുകയടയ്ക്കാം. കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാം. പ്രിന്റ് ഔട്ട് എവിടേക്കും അയക്കേണ്ടതില്ല. റാങ്കിങ്ങിന് മികച്ച സ്കോര്‍ രണ്ടാം ജെ.ഇ.ഇ. മെയിന്‍ 2020 ഏപ്രില്‍ മൂന്നുമുതല്‍ ഒന്‍പതുവരെ. വിജ്ഞാപനം ഫെബ്രുവരിയില്‍ പ്രതീക്ഷിക്കാം. ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച്‌ ഏഴുവരെ അപേക്ഷിക്കാം. ഒരാള്‍ക്ക് ഏതെങ്കിലും ഒരു പരീക്ഷയോ താല്‍പര്യമുള്ള പക്ഷം രണ്ടുമോ അഭിമുഖീകരിക്കാം. പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അന്തിമമായി ഒരു റാങ്ക് പട്ടിക തയ്യാറാക്കും. രണ്ടുപരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ, ഭേദപ്പെട്ട സ്കോര്‍ അന്തിമറാങ്കിങ്ങിനായി പരിഗണിക്കും. വിവരങ്ങള്‍ക്ക്: https://jeemain.nta.nic.in , https://nta.ac.in

Related News