Loading ...

Home Kerala

മന്ത്രി ജി. സുധാകരന്റെ പരിപാടിക്ക് പുണെയില്‍ അനുമതി നല്‍കിയില്ല

പുണെ: കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പരിപാടിക്ക് പുണെ പോലീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. അവിടെ നടക്കാനിരിക്കുന്ന കവിസംഗമം പരിപാടിയുടെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ്. സമ്മര്‍ദംമൂലമാണ് പോലീസ് നടപടിയെന്ന് ആരോപണമുണ്ട്. ആദ്യം വേദി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീര്‍സവര്‍ക്കര്‍ സദനിലായിരുന്നെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഹാളിന്റെ ഉടമ 'ബുക്കിംഗ്' റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പരിപാടി പാഞ്ചജന്യം ഹാളിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പരിപാടിയുടെ സംഘാടകനായ 'വാഗ്‌ദേവത' മാനേജിങ് എഡിറ്ററും ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ എന്‍.ജി. ഹരിദാസിന്റെ ഓഫീസിലാണ് ഉദാഘാടന ചടങ്ങ് നടത്തിയത്. ശബരിമല വിഷയത്തില്‍ മന്ത്രി സുധാകരന്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച്‌ ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ നേരത്തേ ഈ പരിപാടിക്കെതിരേ രംഗത്തുവന്നിരുന്നു.പോലീസിനെ ഉപയോഗിച്ച്‌ പരിപാടിക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച്‌ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്ന് ജി. സുധാകരന്‍ ആവശ്യപ്പെട്ടു.

Related News