Loading ...

Home Kerala

അഞ്ച് ജില്ലകളില്‍ പൊടിപടലങ്ങള്‍ കൂടുതലെന്ന് പഠനം

കോട്ടയം : കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലെന്ന് പഠനം. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് പരിധിക്കുമുകളിലാണെന്ന് എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വൈറണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഒരു ക്യുബിക് മീറ്റര്‍ വായുവില്‍, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിതപരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന പരിധി 10 ആണ്.
വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടാന്‍ കാരണം. സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് മിക്കജില്ലകളിലും പരിധിക്കുള്ളിലാണ്.
എന്നാല്‍, കോട്ടയത്ത് കെ.കെ.റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജി.യിലും ഇതിന്റെ അളവ് നിശ്ചിതപരിധിയായ 40-ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 65 മൈക്രോഗ്രാമാണ് നൈട്രജന്‍ ഓക്‌സൈഡിന്റെ തോത്; തിരുവനന്തപുരത്ത് 45. ഇതുമൂലമുള്ള പ്രശ്‌നങ്ങളില്‍നിന്ന് രക്ഷനേടാന്‍, മുറികളില്‍ വായുസഞ്ചാരം കൂട്ടണമെന്നും അവ ശുചിയാക്കാന്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും, പഠനം നടത്തിയ ജോണ്‍ റിച്ചാര്‍ഡ് നിര്‍ദേശിച്ചു. വീടുകള്‍ക്കുള്ളില്‍ പൊടിപടലങ്ങള്‍മൂലമുള്ള മലിനീകരണം പുറത്തുള്ളതിനെക്കാള്‍ കൂടുതലാണെന്ന് എം.ജി.സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി.അരവിന്ദകുമാര്‍ പറഞ്ഞു.

Related News